വാഷിംഗ്ടൺ: വർദ്ധിച്ചു വരുന്ന പശ്ചിമേഷ്യൻ സംഘർഷത്തെ കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകി അമേരിക്ക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയെ അനുവദിച്ചുകൊണ്ട് അമേരിക്ക ഇടക്കാല ഇളവ് നൽകി. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ പരിമിതമായ കാലയളവിലേക്ക് വാങ്ങാം എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി എക്സിൽ കുറിച്ചത്.
ഇന്ത്യയ്ക്ക് 30 ദിവസത്തേക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാമെന്നാണ് അമേരിക്കയുടെ അനുമതി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ആഗോള വിപണി തടസ്സപ്പെടാതെ പോകാനാണ് അമേരിക്ക ഇന്ത്യയ്ക്ക് ഇളവ് നൽകിയതെന്നാണ് യുഎസ് വാദം. ഭാവിയിൽ അമേരിക്കയും ഇന്ത്യയുമായുള്ള ഇറക്കുമതി വർദ്ധിപ്പിക്കുമെന്നും യുഎസ് വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴി വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന ഇറാൻ്റെ ലക്ഷ്യം തകർക്കാനാണ് അമേരിക്കയുടെ ശ്രമം. ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ തടസ്സപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയിരുന്നു. സാഹചര്യത്തിലാണ് വ്യാപാര കരാറിൽ അമേരിക്ക ഇന്ത്യയ്ക്ക് ഇളവ് നൽകിയത്. യുഎസ് ഇന്ത്യ വ്യാപാര കരാറിൻ്റെ ഭാഗമായി അമേരിക്ക ഇന്ത്യയ്ക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്നായിരുന്നു പ്രധാന നിയന്ത്രണം. ഇതിലാണ് ഇപ്പോൾ അമേരിക്ക ഇളവ് പ്രഖ്യാപ്പിച്ചത്.
അതേസമയം ഗൾഫ് മേഖലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഊർജ വിതരണത്തിലൂടെ ഇന്ത്യയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഊർജ വിപണിയെ സാരമായി തന്നെ ബാധിച്ച സാഹചര്യത്തിലാണ് റഷ്യ സഹായിക്കാൻ സന്നദ്ധത കാണിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം വന്നതോടെ ആഗോള എണ്ണ വാതക വ്യാപാരത്തെ ബാധിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ താത്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ കഴിയുന്നതിന് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.
Content Highlights: US allows India to buy oil from Russia amid rising tensions in the Middle East