ന്യൂ ഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസ്, ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ വെച്ചായിരുന്നു ഖമനയിയുടെ മരണമെന്നാണ് ഖമനയിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞത്. ആക്രമണം നടന്ന അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചതെന്നും അബ്ദുൽ ഹക്കീം പറഞ്ഞു. എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
'ഖമനയി ആക്രമണം നടന്നയുടൻ മരിച്ചിരുന്നില്ല. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചത്', അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. ആക്രമണത്തിൽ അലി ഖമനയിയുടെ മരുമകനും മകളും അപ്പോൾത്തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആയത്തുള്ള അലി ഖമനയിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എപ്പോഴും അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിന്ന ആളാണ് ഖമനയി. മുസ്ലിങ്ങളും മറ്റ് മതസ്ഥരുമായുള്ള ഐക്യത്തിന്റെ ഫലമായിരുന്നു അദ്ദേഹം. അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തുന്നവർ ഖമനയിയെ ഓർമിക്കും. യുഎസും ഇസ്രയേലും കാരണമാണ് പശ്ചിമേഷ്യയിൽ അശാന്തിയുണ്ടാകുന്നത്. ഇറാൻ ഒറ്റക്കെട്ടാണെന്നും അബ്ദുൽ മജീദ് ഹക്കിം ഇലാഹി വ്യക്തമാക്കി.
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം മഷാദിലാണ് നടക്കുക. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്കാരം എന്നാണ് സൂചന. സംസ്കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.
അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുണ്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.
ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്തത്. മൊജ്താബയ്ക്ക് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.
Content Highlight: Reports indicate that Iran’s Supreme Leader Ali Khamenei passed away following hospitalization after alleged US and Israeli attacks. His death reportedly occurred the day after the attacks, according to Abdul Majeed Hakim Elahi, India’s representative to Iran