'ഇറാനിൽ ആണവായുധ നിർമാണപദ്ധതികൾ നടക്കുന്നു എന്നതിന് തെളിവില്ല'; അന്താരാഷ്ട്ര ആണവ ഏജൻസി

ഇറാനിൽ ആണവ ആയുധ പദ്ധതിക്ക് തെളിവില്ല എന്ന് അന്താരാഷ്ട്ര ആണവ ഏജൻസി

ടെഹ്‌റാൻ: ഇറാനിൽ ആണവായുധ നിർമാണപദ്ധതികൾ നടക്കുന്നു എന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജൻസി. ഏജൻസിയുടെ മേധാവി റാഫേൽ ഗ്രോസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൻബിസി ന്യൂസിനോടായിരുന്നു റാഫേൽ ഗ്രോസിയുടെ പ്രതികരണം.

എന്നാൽ വേണ്ടതിലും അധികം യുറേനിയം ശേഖരണം ഇറാന്റെ പക്കൽ ഉണ്ട് എന്നും റാഫേൽ ഗ്രോസി പറഞ്ഞു. സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടതിലും എത്രയോ അധികമാണിത്. ഈ ശേഖരം ആണവായുധങ്ങൾ ഉളള രാജ്യങ്ങളുടെ പക്കൽ മാത്രം കണ്ടുവരുന്നതാണ് എന്നും ഇത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് എന്നും റാഫേൽ ഗ്രോസി പറഞ്ഞു. ആണവായുധങ്ങൾ നിർമിക്കാൻ ഇത് പര്യാപ്തമാണെന്നും എന്നാൽ അങ്ങനെ ഒന്നുള്ളതായി തെളിവില്ലെന്നും ആണവോർജ ഏജൻസിയുടെ മേധാവി കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രയേലിനെതിരെയും യുഎസിനെതിരെയും പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ. ഇരുരാജ്യങ്ങൾക്കെതിരെയും പ്രതിരോധം ശക്തമാക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അലി ബഹ്‌റൈനി പറഞ്ഞു. ആക്രമണം അവസാനിക്കുന്നതുവരെ പ്രതിരോധിച്ചുകൊണ്ടേയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ ഹോർമുസ് കടലിടുക്ക് അടച്ചിട്ടുണ്ട്.

കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. മാസങ്ങള്‍ക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ആണവ പദ്ധതികളും പൂര്‍ണമായി ശക്തിപ്പെടും എന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനിലെ ആണവ ബോംബ് പദ്ധതികള്‍ക്കും ബാലിസ്റ്റിക് മിസൈലുകള്‍ക്കും നേരെ മുമ്പ് നടത്തിയ ആക്രമണങ്ങളില്‍നിന്നും അവര്‍ പാഠം പഠിച്ചുവെന്നാണ് കരുതിയതെങ്കില്‍ തെറ്റി, അവര്‍ ഒരുമാറ്റവും വരാത്ത മതഭ്രാന്തന്മാരാണ്. അവരുടെ ലക്ഷ്യം തന്നെ അമേരിക്കയെ നശിപ്പിക്കുക എന്നതാണെന്നും നെതന്യാഹു പറഞ്ഞു.

Content Highlights: The International Atomic Energy Agency has stated that there is no evidence to confirm that Iran is currently pursuing a nuclear weapons program. The agency’s Director General, Rafael Grossi, clarified the position amid rising geopolitical tensions surrounding Iran’s nuclear activities

To advertise here,contact us