അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിന്തുടർന്ന് കൊല്ലും: യുഎസ് പ്രതിരോധ സെക്രട്ടറി

ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

വാഷിംഗ്ടൺ: അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിന്തുടർന്ന് കൊല്ലുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ല. ഇറാൻ അടുത്ത നീക്കം നടത്തുകയാണെങ്കിൽ സൂക്ഷിച്ച് വേണം. കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരികയെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. 2015ൽ ഒബാമയുടെ കാലത്ത് ഇറാനുമായി നടത്തിയ ആണവ കരാർ ചർച്ചകൾ വെറും പരാജയമായിരുന്നെന്നും ഹെ​ഗ്സെത്ത് ആരോപിച്ചു.

'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' തുടരും. ഇറാൻ്റെ മിസൈലുകൾ, മിസൈൽ നിർമാണ ശാലകൾ, സുരക്ഷാ സൗകര്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. ഇറാനെതിരായ അമേരിക്കൻ ആക്രമണം ഇറാനിയൻ ജനതയ്ക്ക് മികച്ച അവസരമാണെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

അതേസമയം ഇറാനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം രം​ഗത്തെത്തിയിരുന്നു. സയ്യിദ് യഹ്യ ഹമീദി, ജലാല്‍ പൂര്‍ ഹുസൈന്‍ എന്നിവരെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്ററാണ് സയ്യിദ് യഹ്യ ഹമീദി. ജലാല്‍ പൂര്‍ ഹുസൈന്‍ ഇറാന്റെ ചാരവൃത്തി വിഭാഗത്തിന്റെ തലവനാണ്. തെഹ്റാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

Content Highlights: US Defense Secretary Pete Hegseth says those responsible for the deaths of Americans will be hunted down and killed and Iran will never be allowed to build a nuclear weapon

To advertise here,contact us