ദോഹ: റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിര്‍ പുടിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ഫോണിൽ സംസാരിച്ചു. ഖത്തർ അമീറിൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യൻ പ്രസിഡൻ്റുമായി ഫോണിൽ സംസാരിച്ച വിവരം അറിയിച്ചത്.
ഇറാൻ്റെ ആക്രമണങ്ങളിൽ ഖത്തറിന് റഷ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചതായും ഏത് രീതിയിലുമുള്ള സഹായവും പിന്തുണയും നൽകാനുള്ള സന്നദ്ധത അറിയിച്ചതായും ഖത്തർ അമീറിൻ്റെ ഓഫീസ് വ്യക്തമാക്കി. സംഘർഷങ്ങൾക്ക് അയവുവരുത്താനും സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള നയതന്ത്രശ്രമങ്ങൾ ശക്തമാക്കേണ്ടത്തിൻ്റെ പ്രാധാന്യവും ചർച്ചയായി.ഐക്യദാർഢ്യത്തിനും സഹായസന്നദ്ധതയ്ക്കും ഖത്തർ അമീർ പുടിനോട് നന്ദി അറിയിച്ചു.
അതേസമയം ഇറാൻ്റെ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ തയ്യാറാണെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റാണ് ഫ്രാൻസിൻ്റെ പിന്തുണ അറിയിച്ചത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മിസൈലുകളും ഡ്രോണുകളും മനഃപൂർവം ലക്ഷ്യംവെച്ചത് ഗൾഫ് രാജ്യങ്ങളെയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ്, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് പൂർണപിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
Content Highlights: Russian President Vladimir Putin and Qatari Emir Sheikh Tamim bin Hamad Al Thani spoke on the phone