ഇസ്രായേല്‍-യുഎസ് സംയുക്ത നീക്കത്തില്‍ ഇറാനെതിരെ കടുത്ത ആക്രമണമാണ് ഇന്നലെ മുതല്‍ നടന്നുകൊണ്ടിരിക്കുന്നത്. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടേയുള്ള പ്രമുഖർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രയേലിന് പുറമെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്കും ശക്തമായ ആക്രമണമാണ് ഇറാന് നടത്തുന്നത്. സംഘർഷ സാഹാചര്യം ശക്തമായതോടെ യുഎഇ അടക്കമുള്ള ജിസിസി രാഷ്ട്രങ്ങള്‍ വ്യോമപാതയില്‍ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്‍ വഴിതിരിച്ചുവിടപ്പെടുകയോ ചെയ്തു.
യാത്ര റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ യുഎഇ വഴി യാത്ര ചെയ്യാനിരുന്ന യാത്രക്കാർക്കായ പ്രധാന എയർലൈൻസുകൾ റീഫണ്ടും റീബുക്കിംഗും ഉൾപ്പെടേയുള്ളവ പ്രഖ്യാപിക്കുന്നുണ്ട്.
എമിറേറ്റ്സും ഫ്ലൈദുബായിയും
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സും ബജറ്റ് എയർലൈൻ ഫ്ലൈദുബായിയും മാർച്ച് 1 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിവരെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ യാത്ര ചെയ്യാനിരുന്ന എമിറേറ്റ്സ് യാത്രക്കാർക്ക് 10 ദിവസത്തിനുള്ളിൽ അതേ സ്ഥലത്തേക്ക് യാത്ര മാറ്റാൻ സൗകര്യമുണ്ട്. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് റീഫണ്ടിനും അപേക്ഷിക്കാം.
ഫ്ലൈദുബായിയും സമാനമായി, അതേ രാജ്യത്തിനുള്ളിലെ മറ്റൊരു വിമാനത്താവളത്തിലേക്കോ അതേ സ്ഥലത്തേക്ക് തന്നെയോ 10 ദിവസത്തിനുള്ളിൽ റീബുക്ക് ചെയ്യാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.
എത്തിഹാദ് എയർവേയ്സ്
അബുദാബിയിലേക്കും തിരിച്ചുമുള്ള കമ്പനിയുടെ എല്ലാ സർവീസുകളും മാർച്ച് 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവെച്ചതായി എത്തിഹാദ് അറിയിച്ചു. ഫെബ്രുവരി 28 ന് മുമ്പ് ബുക്ക് ചെയ്തതും മാർച്ച് 2 വരെ യാത്ര തീയതിയുള്ളതുമായ ടിക്കറ്റുകൾ മാർച്ച് 15 വരെ സൗജന്യമായി മാറ്റിനല്‍കും. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് പൂർണ്ണമായി തന്നെ റീ ഫണ്ട് നല്‍കും.
എയർ അറേബ്യ
ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിവരെ സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. ലെബനൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 2 വരെയാണ് നിർത്തിവെച്ചിട്ടുള്ളത്. യാത്രക്കാർക്ക് യാത്ര തീയതി മാറ്റുകയോ, ടിക്ക തുക ക്രെഡിറ്റായി സൂക്ഷിക്കുകയോ ചെയ്യാം.
ഇന്‍ഡിഗോ
ഇറാന്-ഇസ്രയേല്‍ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് പണം പൂർണ്ണമായി മടക്കി നല്‍കുമെന്ന് ഇന്‍ഡിഗോയും അറിയിച്ചു. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനും അവസരമുണ്ട്. ഫെബ്രുവരി 28 നോ അതിന് മുമ്പോ ബുക്ക് ചെയ്തവർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
ഇറാന് ആക്രമണത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.സ്ഥിതി ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യയിലെ 27 യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ആറാമത്തെ ആക്രമണ പരമ്പരയാണ് തങ്ങൾ നടത്തുന്നതെന്ന് ഐആർജിസി പറഞ്ഞതായി ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലെ ടെൽ നോഫ് എയർ ബേസ്, ഹാകിരിയയിലെ ഇസ്രയേൽ ആർമിയുടെ കമാൻഡന്റ് ആസ്ഥാന കേന്ദ്രം, അതേ നഗരത്തിലെ തന്നെ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയെയും അക്രമിച്ചതായി ഐആർജിസി അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇറാൻ കടുത്ത പ്രഹരവും തിരിച്ചടിയും നൽകുമെന്ന് ഐആർജിസി ആവർത്തിച്ചു.
Content Highlights: UAE airlines have introduced refund and rebooking options to support passengers affected by widespread flight cancellations. The measures allow travellers to reschedule journeys or claim refunds as disruptions continue due to airspace restrictions. Airlines have advised passengers to check flight status and stay updated before heading to the airport.