ഖമനയിയുടെ ഉപദേശകൻ അലി ഷംഖാനിയെ അടക്കം വധിച്ചെന്ന് ഇസ്രയേൽ സേന

കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്ന പ്രധാന നേതാക്കൾ ഇവരാണ്

ടെൽഅവീവ്: ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകിയിരുന്ന പ്രധാന നേതാക്കളെയെല്ലാം വകവരുത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ കൊലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കളായ പ്രമുഖർ തെഹ്‌റാനിലെ രണ്ട് ലൊക്കേഷനുകളിൽ യോഗം ചേർന്നെന്ന് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് മനസിലാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നാണ് പറയുന്നത്.

കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്ന പ്രധാന നേതാക്കൾ

അലി ഷംഖാനി - മുൻ ഐആർജിസി നാവികസേന മേധാവി, മുൻ ഇറാനിയൻ സേന മേധാവി, അലി ഖമനയിയുടെ പ്രധാന ഉപദേശകൻ. കഴിഞ്ഞ ജൂണിൽ നടന്ന സംഘർഷത്തിൽ ഇയാളെ ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നു.

മുഹമ്മദ് പാക്പൂർ - ഐആർജിസി കമാൻഡർ. ഇസ്രയേൽ പ്രതിരോധ സേന പറയുന്നത് തങ്ങളുടെ രാജ്യത്തെ പൂർണമായി തകർക്കാനാണ് പാക്പൂർ പദ്ധതിയിട്ടതെന്നാണ്. മാത്രമല്ല ഇറാനിയൻ പ്രതിഷേധക്കാരെ അടിച്ചമർത്താനുള്ള നിർദേശം നൽകിയതും ഇയാളാണെന്നാണ് ഇസ്രയേൽ പറയുന്നത്.

സലാഹ് ആസാദി - ഇറാൻ സേനയുടെ ചീഫ് ഓഫ് ഇന്റലിജൻസ്, ഇറാന്റെ സായുധസേനയിലെ സീനിയർ ഇന്റലിജൻസ് ഓഫീസർ

മുഹമ്മദ് ഷിറാസി - 1989മുതൽ ഖമനയിയുടെ മിലിട്ടറി ബ്യൂറോ ചീഫ്. മുതിർന്ന സായുധ സേന കമാൻഡർമാർക്കും നേതാക്കന്മാർക്കും ഇടയിൽ മധ്യസ്ഥത വഹിച്ച ഇയാളാണ്.

അസിസ് നസീർസാദേ - ഇറാന്റെ പ്രതിരോധ മന്ത്രി, മുൻ വ്യോമസേന മേധാവി, ഡെപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫ്. ഇയാളാണ് ദീർഘദൂര മിസൈലുകളും ആയുധങ്ങളും നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കും ആണവ പദ്ധതികളുടെയും മേൽനോട്ടം വഹിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്.

ഹൊസൈൻ ജബൽ അമീലിയൻ - ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ ഏജൻസിയായ എസ്പിഎൻഡിയുടെ ചെയർമാൻ, ഇറാന്റെ ആയുധങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായയാൾ.

റെസാ മൊസാഫാരി - നിയ - മുൻ എസ്പിഎൻഡി ചെയർമാൻ. ഇയാളാണ് ആത്യാധുനിക ആണവായുധങ്ങൾ വികസിപ്പിക്കാൻ പ്രവർത്തിച്ചുവെന്ന് ഐഡിഎഫ് പറയുന്നു.

Content Highlights: IDF claims irans top officials including Khamenei's advisor were killed

To advertise here,contact us