വാഷിംഗ്ടൺ: ഇസ്രയേലിലെ എംബസി ജീവനക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അതിന് തയ്യാറെടുക്കണമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡർ മൈക്ക് ഹക്കബി നിർദേശിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷ സാധ്യത രൂക്ഷമായ സാഹചര്യത്തിലായിരുന്നു മൈക്ക് ഹക്കബിയുടെ നിർദേശം.
അടിയന്തര ജോലികൾ പൂർത്തിയാക്കേണ്ട ജീവനക്കാരും അവരുടെ കുടുംബങ്ങളും ഒഴികെ ബാക്കിയുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്ന് മൈക്ക് ഹക്കബി നിർദേശിച്ചു. ഇസ്രയേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മൈക്ക് ഹക്കബി ഇമെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് തന്നെ അതിന് തയ്യാറെടുക്കണം. പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രതയുടെ ഭാഗമായാണ് നിർദേശമെന്നും മൈക്ക് ഹക്കബി സന്ദേശത്തിൽ പറയുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരമാണ് യുഎസ് അംബാസിഡർ ജീവനക്കാർക്ക് ഇത്തരമൊരു സന്ദേശം അയച്ചത്. വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സന്ദേശത്തിലുണ്ട്. രാജ്യത്ത് നിന്ന് വേഗത്തിൽ പുറത്ത് കടക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും സന്ദേശത്തിൽ പറയുന്നു.
ഇറാനെതിരെയുള്ള ആക്രമണത്തിന് മുന്നോടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിന്യാസത്തിന്റെ ഭാഗമായി യുഎസ്എസ് ജെറാൾഡ് യുദ്ധ കപ്പൽ വടക്കൻ ഇസ്രായേലിൽ എത്തിക്കൊണ്ടിരിക്കുന്ന ദിവസം തന്നെയാണ് ഈ മുന്നറിയിപ്പുകൾ വന്നതെന്നും ശ്രദ്ധേയമാണ്. യുഎസ്എസ് ജെറാൾഡ് കൂടാതെ അമേരിക്കയുടെ ഡസൺ കണക്കിന് സ്റ്റെൽത്ത് എഫ് 22 ഫൈറ്റർ ജെറ്റുകളും ഇസ്രയേലി താവളങ്ങളിലെത്തിയിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Content Highlight : The United States has asked its embassy staff to leave Israel immediately, urging personnel to depart the country at the earliest amid escalating tensions.