പുതുതായി അച്ചടിച്ച നോട്ടുകളുമായി പോയ സെെനിക വിമാനം ബൊളീവിയയിൽ തകർന്ന് വീണു; 15 പേർ കൊല്ലപ്പെട്ടു

ഹൈവേയിലെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് വിമാനം പതിച്ചത്, വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ റോഡില്‍ ചിതറി വീണു

ബൊളീവിയ: ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിന് സമീപം സൈനിക വിമാനം തകര്‍ന്ന് വീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. പുതുതായി അച്ചടിച്ച ബാങ്ക് നോട്ടുകളുമായി പോയ വിമാനമാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ റോഡില്‍ ചിതറി വീണു.

അപകടത്തിൽ പന്ത്രണ്ടോളം വാഹനങ്ങള്‍ തകരുകയും തീപിടിക്കുകയും ചെയ്തു. മരിച്ചവരില്‍ എത്ര ആളുകള്‍ വിമാനത്തിലുള്ളവരാണ്, എത്ര പേര്‍ കാര്‍ യാത്രക്കാരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ 30ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ബൊളീവിയന്‍ വ്യോമസേനയുടെ ഹെര്‍ക്കുലീസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള പുതിയ നോട്ടുകള്‍ മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകവെയാണ് അപകടം.

അപകടസ്ഥലത്ത് ചിതറിക്കിടന്ന നോട്ടുകള്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ തിരക്ക് കൂട്ടിയത് പൊലീസിന് വലിയ തലവേദനയുണ്ടാക്കി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി കനത്ത നടപടികളാണ് പൊലീസ് സ്വീകരിച്ചത്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

Content Highlight; Cargo plane crashes shortly after takeoff in Bolivia’s capital, killing at least 15.

To advertise here,contact us