എപ്സ്റ്റീൻ ഫയൽ വിവാദം; 66-ാം പിറന്നാൾ ദിനത്തിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ അറസ്റ്റിൽ

എപ്സ്റ്റീന്‍ ഫയലുകളില്‍ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സംഭവത്തില്‍ മാത്രമാണ് നടപടിയെടുത്തിട്ടുള്ളത്

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗവും മുന്‍ രാജകുമാരനുമായിരുന്ന ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ആന്‍ഡ്രു വിന്‍ഡ്‌സര്‍ അറസ്റ്റിലായത്. 66-ാം പിറന്നാള്‍ ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റിലെ വസതിയില്‍ നിന്നാണ് തേംസ് വാലി പൊലീസ് ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രാജപദവി ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ചാള്‍സ് രാജകുമാരന്റെ സഹോദരന്‍ കൂടിയാണ് ആന്‍ഡ്രു വിന്‍ഡ്‌സര്‍.

അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആന്‍ഡ്രുവിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. 'ട്രേഡ് എന്‍വോയ്' ആയിരുന്ന കാലത്ത് എപ്സ്റ്റീനുമായി രഹസ്യ രേഖകള്‍ പങ്കുവെച്ചു എന്നായിരുന്നു ആന്‍ഡ്രൂവിനെതിരായ പരാതി. കൃത്യമായ അന്വേഷണത്തിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എപ്സ്റ്റീന്‍ ഫയലുകളില്‍ നിരവധി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സംഭവത്തില്‍ മാത്രമാണ് നടപടിയെടുത്തിട്ടുള്ളത്. എപ്സ്റ്റീന്‍ ഫയലുകളിലെ ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു ആന്‍ഡ്രുവിനെ രാജപദവിയില്‍ നിന്ന് ഒഴിവാക്കിയത്. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ ഏറ്റവും പുതിയ രേഖകളിലും ആന്‍ഡ്രുവിന്റെ വിവാദ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ആന്‍ഡ്രു ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിലെ യുവതി ആരാണെന്നോ ഇത് എവിടെവച്ച് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല.

Content Highlight; Andrew Mountbatten Windsor, a member of the British royal family and former prince, has been arrested. Andrew Windsor was arrested following the revelations in the Epstein files.

To advertise here,contact us