വീണ്ടും ഇന്ത്യൻ വേരുള്ളവര്‍; വാഷിങ്ടൺ DC മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തമിഴ്‌നാട്ടിൽ ജനിച്ച റിനി സമ്പത്ത്

മാറ്റമാണ് വേണ്ടതെന്നും പുതിയ കാര്യങ്ങൾക്കുള്ള സമയമായെന്നും റിനി പറയുന്നു

വാഷിങ്ടൺ: ഇന്ത്യയിൽ വേരുകളുള്ള സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയിൽ വേരുകളുള്ള മറ്റൊരു വ്യക്തി കൂടി ലോക ശ്രദ്ധ ആകർഷിക്കുകയാണ്. തമിഴ്‌നാട്ടിൽ ജനിച്ച, ഏഴാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ റിനി സമ്പത്ത് എന്ന 31കാരി വാഷിങ്ടൺ ഡിസി ഡെമാക്രാറ്റിക്ക് പ്രൈമറിയിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച ഭരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് റിനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

വർഷങ്ങൾക്ക് മുമ്പ് യുഎസിലെത്തിയ റിനി, കഴിഞ്ഞ പത്തുകൊല്ലത്തിലേറെയായി യുഎസ് തലസ്ഥാനത്താണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അത്യാവശ്യ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നി നിലവിൽ അധികാരത്തിലിരിക്കുന്നവർക്ക് എതിരെ ശക്തമായ വിമർശനവുമായാണ് റിനിയുടെ പ്രചരണം. റോഡിലെ കുഴികൾ, മലിനജലം ഒഴുകുന്ന അവസ്ഥ , ജീവിതചിലവ്, അത്യാവശ സേവനങ്ങളിൽ നേരിടുന്ന കാലതാമസം എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുമെന്നാണ് റിനി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത്. മാറ്റമാണ് വേണ്ടതെന്നും പുതിയ കാര്യങ്ങൾക്കുള്ള സമയമായെന്നും റിനി പറയുന്നു.

നഗരകൗൺസിലിൽ വർഷങ്ങളായി ഭരിക്കുന്ന, ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാത്തവർക്ക് വീണ്ടും അവസരം നൽകേണ്ടതുണ്ടോ എന്നും അവരുടെ ഭരണം പരാജയമാണെന്നും റിനി ആരോപിക്കുന്നു. നിരത്തുകളും നടപ്പാതകളും സഞ്ചാരയോഗ്യമല്ലാതെ അപകടകരമായ രീതിയിലായി, മാലിന്യങ്ങൾ കുമിഞ്ഞുകൂടി, അടിസ്ഥാന സൗകര്യങ്ങളിൽ കാലപ്പഴക്കം വന്ന് ജലവിതരണ സംവിധാനങ്ങൾ തകർന്ന അവസ്ഥ. ഇതെല്ലാം നഗരവാസികളുടെ ജീവിതത്തെയും ജീവിത മാർഗത്തെയും ബാധിക്കുകയാണെന്ന് സർക്കാർ കോൺട്രാക്ടറായ റിനി ആരോപിക്കുന്നു. നിലവിൽ അമേരിക്കയിൽ പലയിടങ്ങളിലും ഉണ്ടായ മഞ്ഞുവീഴ്ചയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും ഇവർ ചൂണ്ടിക്കാട്ടി. അനവധി വീഴ്ചകൾ ഉണ്ടായിട്ടും ഇപ്പോഴും അവർ തന്നെ അധികാരം കയ്യേറുന്നുവെന്നും റിനി പറഞ്ഞു.

താനൊരു രാഷ്ട്രീയ പ്രവർത്തകയല്ല. ഒരു സംഘടനയും എനിക്ക് പിന്തുണ നൽകുന്നില്ല. സർക്കാർ പദ്ധതികളിലും പൗരസേവനങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഒരു ഫെഡറൽ കോൺട്രാക്ടറെന്ന നിലയിൽ പുതിയ ഒരു സംവിധാനം വരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും അവർ പറയുന്നു. തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി ജനിച്ചത്. തന്റെ തമിഴ് വേരുകളാണ് ജനസേവനത്തിന് പ്രചോദനമായത്. തന്റെ മുത്തച്ഛനാണ് തന്നെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും റിനി പറയുന്നു.

Content Highlights: Rini Sampath, a 31-year-old government contractor born in Theni, Tamil Nadu and who migrated to the United States at age seven, has announced her candidacy in the Democratic primary for Mayor of Washington, DC.

To advertise here,contact us