ജപ്പാൻ തെരഞ്ഞെടുപ്പ്: എൽ‍ഡിപി പാർട്ടിക്ക് വമ്പൻ ജയം; സനായേ താകായീച്ചിയെ അഭിനന്ദിച്ച് മോദിയും ട്രംപും

465 അംഗ പാർലമെന്റിൽ 316 സീറ്റ് നേടിയാണ് എൽഡിപി കേവലഭൂരിപക്ഷം മറികടന്നത്

ടോക്യോ: ജപ്പാനിൽ ഞായറാഴ്ച നടന്ന പാർലമെന്‍റിന്‍റെ അധോ സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായേ താകായീച്ചിയുടെ ലിബറൽ ഡെമക്രാറ്റിക് പാർട്ടി (എൽഡിപി) വമ്പൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 465 അംഗ പാർലമെന്റിൽ 316 സീറ്റ് നേടിയാണ് എൽഡിപി കേവലഭൂരിപക്ഷം മറികടന്നത്.

നേരത്തെ പുറത്ത് വന്ന എക്സിറ്റ് പോളുകളിലും എൽ‍ഡിപി പാ‍ർട്ടി അധികാരത്തിൽ വരുമെന്നായിരുന്നു പ്രവചനം. 2017-നുശേഷം പാർട്ടി കൈവരിക്കുന്ന ഏറ്റവുംവലിയ നേട്ടമാണിത്. കടുത്ത ചൈനാ വിമർശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എൽഡിപിയുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമക്രാറ്റിക് പാർട്ടിയും (സിഡിപി) എൽഡിപിയുടെ മുൻ സഖ്യകക്ഷിയായ കൊമെയ്തോയും ചേർന്നുണ്ടാക്കിയ സെൻട്രിസ്റ്റ് റിഫോം അലയൻസിനെ പരാജയപ്പെടുത്തിയായിരുന്നു താകായീച്ചിയുടെ പാർട്ടി അധികാരത്തിലേറിയത്.

ജപ്പാൻ പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജാപ്പനീസ് പ്രധാനമന്ത്രി സനായേ താകായീച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും അഭിനന്ദിച്ചു. താകായീച്ചിടെ നേതൃത്വത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്നായിരുന്നു മോദി എക്സിൽ കുറിച്ചത്. താകായീച്ചിയുടെ കഴിവുറ്റ നേതൃത്വത്തിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.Content Highlights: LDP party wins big in Japan election, Narendra Modi on Sunday congratulated Japanes PM

To advertise here,contact us