ന്യൂയോർക്ക്: ലോക ഹിജാബ് ദിനത്തിൽ ഹിജാബുമായി ബന്ധപ്പെട്ട് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനം. മുസ്ലിം പൈതൃകത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഹിജാബ് എന്നായിരുന്നു മംദാനിയുടെ ഓഫീസ് പങ്കുവെച്ച എക്സ് പോസ്റ്റ്. ഇതിന് പിന്നാലെ ഇറാനിലെ നിർബന്ധിത ഹിജാബ് നിയമം ചൂണ്ടിക്കാട്ടിയായിരുന്നു മംദാനിക്കെതിരെ പ്രമുഖർ അടത്തം രംഗത്തെത്തിയത്.
ഫെബ്രുവരി ഒന്നിനായിരുന്നു ലോക ഹിജാബ് ദിനം. ഈ ദിനത്തിലായിരുന്നു മംദാനിയുടെ ഓഫീസില് നിന്നുള്ള പോസ്റ്റ്. മുസ്ലിം പൈതൃകത്തിന്റെയും ഭക്തിയുടെയും ശക്തമായ പ്രതീകമാണ് ഹിജാബ് എന്നായിരുന്നു മംദാനിയുടെ ഓഫീസ് പങ്കുവെച്ച പോസ്റ്റ്. ഇതിന് പിന്നാലെ ഇറാനിലെ വിഷയം ചൂണ്ടിക്കാട്ടി മംദാനിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇറാനിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് നേരെ മംദാനി കണ്ണടയ്ക്കുന്നുവെന്നായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്.
ഇറാനിൽ ഹിജാബ് ധരിക്കാൻ തയ്യാറാകാത്തതിൻ്റെ പേരിൽ സ്ത്രീകൾ മർദനത്തിരയാകുകയും കൊല്ലപ്പെടുകയുമാണ്. ഇക്കാര്യം മംദാനി പറയുന്നില്ലെന്നും വിമർശിക്കുന്നവരുണ്ട്.
ന്യൂയോർക്ക് നഗരത്തിലിരുന്ന് നിങ്ങൾ ലോക് ഹിജാബ് ദിനം ആഘോഷിക്കുന്നത് കാണുമ്പോൾ പീഡിപ്പിക്കപ്പെടുന്നതായാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു ഇറാനിയൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ മാസിഹ് അലിനേജദ് പറഞ്ഞത്. ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കാനും ഇസ്ലാമിക്ക് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാനും വിസമ്മതിക്കുന്നതിന്റെ പേരിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങുകയാണ്. ഇതിനിടെയാണ് നിങ്ങൾ ഹിജാബ് ദിനം ആഘോഷിക്കുന്നതെന്നും മാസിഹ് കുറ്റപ്പെടുത്തി. ഇറാനിലെ അടിച്ചമർത്തലിൽ നിശബ്ദത പാലിക്കുന്ന മേയർ ആഘോഷത്തിന്റെ പോസ്റ്റുമായി എത്തിയത് നാണക്കേടാണെന്നും അവർ തുറന്നടിച്ചു.
ഫ്രഞ്ച് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ബർണാഡ് ഹെൻഡ്രി ലെവിയും മംദാനിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ സ്ത്രീകൾ കൊലപ്പെടുന്ന സാഹചര്യത്തിൽ ഹിജാബ് ദിനത്തെ എങ്ങനെ ആഘോഷമാക്കാൻ കഴിയുമെന്നായിരുന്നു ബർണാഡിൻ്റെ ചോദ്യം. അഭിമാനമെന്നത് ദൃശ്യമാകേണ്ടതാണെന്നും അല്ലാതെ മറച്ച് വയ്ക്കേണ്ടതല്ലെന്നുമായിരുന്നു മറ്റൊരാൾ പറഞ്ഞത്. പുരുഷന്മാർ സൃഷ്ടിച്ച ഒന്നാണ് ഹിജാബ് എന്നും സ്ത്രീകളെ തടവിലാക്കുന്ന ഒന്നിനെ എങ്ങനെ ആഘോഷമാക്കാൻ കഴിയുമെന്നും ചോദിക്കുന്നവരുണ്ട്.
ഹിജാബിനെ പലരും അടിച്ചമർത്തലിന്റെ അടയാളമായാണ് കാണുന്നതെന്നായിരുന്നു തുർക്കിഷ് അമേരിക്കൻ സാമ്പത്തിക വിദഗ്ധനായ തൈമൂർ കുറാൻ പ്രതികരിച്ചത്. മതപരമായ ഒരു വസ്ത്രത്തിന് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പ്രത്യേക പരിഗണ നൽകുന്നത് മതപരമായ പക്ഷപാതമായി കണക്കാക്കും. മാത്രമല്ല നിങ്ങൾ മറ്റ് മതവിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വസ്ത്രരീതികളെയും ഇത്തരത്തിൽ പിന്തുണയ്ക്കുമോയെന്നും അദ്ദേഹം മംദാനിയോട് ചോദിക്കുന്നുണ്ട്.
Content Highlights: New York City Mayor Zohran Mamdani’s office posted a message for World Hijab Day, calling the hijab a symbol of faith, identity and pride for Muslim women faces backlash