മോസ്കോ: ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. എണ്ണ വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാനുളള ഇന്ത്യയുടെ ശ്രമം റഷ്യയെ ലക്ഷ്യം വെച്ചുളളതല്ല. റഷ്യ ഒരിക്കലും ഇന്ത്യയുടെ ഏക ഊര്‍ജ പങ്കാളിയായിരുന്നിട്ടില്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അസംസ്കൃത എണ്ണ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു.
ഇന്ത്യയിലേക്കുള്ള എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഏക വിതരണക്കാരല്ല തങ്ങൾ. ഇന്ത്യ ഇതിന് മുൻപും പെട്രോളിയം ഉത്പ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ പുതുതായി ഒന്നും കാണുന്നില്ലെന്നും ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎ സ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. റഷ്യന്‍ എണ്ണയ്ക്ക് പകരം വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രെംലിൻ വക്താവിന്റെ പ്രതികരണം.
Content Highlights:Russia says India is free to buy oil from any country