'കാത്തിരിക്കൂ...'; ട്രംപ് മോദിയെ വിളിച്ചെന്ന് അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ; വ്യാപാര കരാർ ഉടനെന്ന് സൂചന

എന്ത് കാര്യത്തിനാണ് വിളിച്ചത് എന്ന് ഗോർ വ്യക്തമാക്കിയിട്ടില്ല

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചെന്ന് അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. എക്‌സിലായിരുന്നു സെർജിയോ ഗോറിന്റെ പ്രതികരണം. എന്നാൽ എന്ത് കാര്യത്തിനാണ് വിളിച്ചത് എന്ന് ഗോർ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ - യുഎസ് വ്യാപാരകരാറുമായി ബന്ധപ്പെട്ടാണ് ഇരുവരും സംസാരിച്ചത് എന്നാണ് സൂചന. അൽപസമയം മുൻപ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ മോദിക്കൊപ്പമുള്ള 'ഇന്ത്യ ടുഡേ' വാരികയുടെ കവർ ചിത്രം പങ്കുവെച്ചിരുന്നു. 'ദി മൂവർ ആൻഡ് ഷേക്കർ' എന്ന പേരിലുള്ള കവർ ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാരകരാറിന് പിന്നാലെ യുഎസുമായുള്ള വ്യാപാര കരാറിന് വേഗത കൈവന്നിരുന്നു.

അതേസമയം, വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു. കരാറിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞുവെന്നും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. വെനസ്വേലൻ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വെനസ്വേലയുമായുള്ള വ്യോമാതിർത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എണ്ണ വ്യവസായമേഖലയിൽ സ്വകാര്യ കമ്പനികളെയും നിക്ഷേപങ്ങളെയും അനുവദിക്കാനുള്ള ബിൽ വെനസ്വേല അംഗീകരിച്ചതിന് പിന്നാലെയും കൂടിയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തൽ. രണ്ട് ദിവസം മുൻപാണ് വെനസ്വേലൻ ദേശീയ അസംബ്ലി ബിൽ അംഗീകരിച്ചത്. യുഎസിനെ സഹായിക്കാനാണ് ബിൽ എന്നാണ് നിരീക്ഷണം.

Content Highlights: The US ambassador to India has said that US president Donald Trump spoke with Prime Minister Narendra Modi, hinting a possible update on India - US trade pact

To advertise here,contact us