വാഷിംങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായവകുപ്പ് പുറത്തിറക്കിയ രേഖകളിൽ ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂവിന്റെ ചിത്രവും. യുവതിക്കൊപ്പമുള്ള ആൻഡ്രുവിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. തറയിൽ കിടക്കുന്ന യുവതിക്ക് സമീപമായി മുട്ടുകുത്തി നിൽക്കുന്ന ആൻഡ്രുവിനെ ചിത്രത്തിൽ വ്യക്തമായി കാണാം. ആൻഡ്രുവിൻ്റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ശരിവെക്കുന്ന ഇമെയിലുകളും പുറത്തുവന്നിട്ടുണ്ട്.
2010 ഓഗസ്റ്റ് 12-ാം തീയതി ആൻഡ്രുവിന് എപ്സ്റ്റീന്റെ മെയിൽ അയച്ചിരുന്നു. 'ദി ഡ്യൂക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള മെയിലിൽ ആൻഡ്രുവിനെ അത്താഴത്തിന് ക്ഷണിക്കുകയും ഒരു വനിതാ സുഹൃത്ത് കൂടെ ഉണ്ടാകുമെന്നും എപ്സ്റ്റീൻ പറയുന്നുണ്ട്. വനിതാ സുഹൃത്ത് ഓഗസ്റ്റ് 20 മുതൽ 24 വരെ ലണ്ടനിൽ ഉണ്ടാകുമെന്നും പരാമർശിച്ചിരുന്നു. തിരിച്ചുള്ള മറുപടിയിൽ തന്നെ കുറിച്ച് എന്താണ് താങ്കൾ യുവതിയോട് പറഞ്ഞതെന്നും അവരുടെ സന്ദേശം ലഭിക്കുമോ എന്നും ആൻഡ്രു ചോദിക്കുന്നുണ്ട്. താൻ ഓഗസ്റ്റ് 22ന് ജനീവയിൽ ഉണ്ടാകുമെന്നും യുവതിയെ കണ്ടാൽ സന്തോഷമാകുമെന്നും എപ്സ്റ്റീന് അയച്ച മറ്റൊരു മെയിലിൽ ആൻഡ്രു പറയുന്നുണ്ട്.
യുവതി 26 വയസുള്ള റഷ്യക്കാരിയാണെന്നും അതിസുന്ദരിയാണെന്നും അവളുടെ പക്കൽ ആൻഡ്രുവിന്റെ ഇമെയിൽ വിലാസം ഉണ്ടെന്നും എപ്സ്റ്റീൻ മറുപടി സന്ദേശം അയച്ചതായി വ്യക്തമാണ്. യുവതിയും ആൻഡ്രുവും തമ്മിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിൽവെച്ച് കൂടിക്കാഴ്ചകൾ നടന്നിരിക്കാമെന്ന് വ്യക്തമാക്കുന്ന മെയിലുകളും എപ്സ്റ്റീന്റെതായി പുറത്തുവന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെ, ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരനായ ആൻഡ്രു വിൻഡ്സറിന്റെ രാജകീയ പദവികൾ കൊട്ടാരം റദ്ദാക്കിയിരുന്നു. കുപ്രസിദ്ധ സെക്സ് ടേപ്പുകളിൽ ഇടംപിടിച്ചതിന് പിന്നാലെ 'യോർക്ക് ഡ്യൂക്ക്' എന്ന സ്ഥാനപ്പേരും മറ്റ് രാജകീയ ബഹുമതികളും ആൻഡ്രൂ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. 2021ൽ ജെഫ്രി എപ്സ്റ്റീൻ കേസിലെ അതിജീവിതമാരിൽ ഒരാൾ ആൻഡ്രുവിനെതിരെ രംഗത്ത് വന്നിരുന്നു. കൗമാരക്കാരിയായ തന്നെ ആൻഡ്രു ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും എപ്സ്റ്റീനാണ് തന്നെ ചതിയിൽപ്പെടുത്തി ആൻഡ്രുവിനടുത്തേക്ക് എത്തിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തൽ ഇതിന് പിന്നാലെ യുവതി ജീവനൊടുക്കിയതും വലിയ വാവാദമായിരുന്നു.
അതേസമയം പുതിയതായി പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനെതിരെ കൂടുതൽ ആരോപണങ്ങളുമുണ്ട്. റഷ്യൻ പെൺകുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചുവെന്നും ഇത് അദ്ദേഹത്തിന്റെ ഭാര്യയായ മെലിൻഡ അറിയാതെ ചികിത്സിക്കാൻ രഹസ്യമായി ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടുവെന്നും രേഖകൾ അവകാശപ്പെടുന്നതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആരോപണങ്ങളെ ബിൽഗേറ്റ്സിന്റെ വക്താവ് തള്ളി. എപ്സ്റ്റീൻ ഫയൽസിന്റെ ഭാഗമായി നേരത്തെ യുവതികൾക്കൊപ്പമുള്ള ബിൽഗേറ്റ്സിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട എറ്റവും പുതിയ രേഖകളിൽ സിനിമാ സംവിധായികയും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ മാതാവുമായ മീര നായരുടെ പേരുള്ളതായും റിപ്പോർട്ടുണ്ട്. എപ്സ്റ്റീന്റെ ജീവിത പങ്കാളിയും ലൈംഗിക കുറ്റവാളിയുമായ ഗിസ്ലൈൻ മാക്സ്വെല്ലുമായി ബന്ധപ്പെട്ട ഒരു സാമൂഹിക പരിപാടിയെ കുറിച്ചുള്ള ഇമെയിലിലാണ് മീരയുടെ പേര് ഉള്ളത്. തെറ്റായ പ്രവർത്തിയൊന്നും മീരയുടെ പേരിൽ എപ്സ്റ്റീൻ ആരോപിക്കുന്നില്ല. മീര സംവിധാനം ചെയ്ത 'അമേലിയ' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഗിസ്ലൈൻ മാക്സ്വെല്ലിന്റെ വീട്ടിൽ നടന്ന പാർട്ടിക്ക് ശേഷമുള്ള വിവരമാണ് 2009 ഒക്ടോബർ 21നുള്ള മെയിലിൽ എപ്സ്റ്റീൻ പറയുന്നത്. സിനിമയുടെ പാർട്ടിക്ക് ശേഷം ഗിസ്ലൈൻ മാക്സ്വെല്ലിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങിയെന്നും ബിൽ ക്ലിന്റൻ, ജെഫ് ബെസോസ്, ജീൻ പിഗോസി, സംവിധായിക മീര നായർ തുടങ്ങിയവർ അവിടെ ഉണ്ടായിരുന്നു എന്നുമാണ് ഇമെയിലിൽ പറയുന്നത്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും എപ്സ്റ്റീൻ ഫയൽസിൽ 69 തവണ പരാമർശിച്ചിരുന്നു. ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ലാറി നാസറിനെ അഭിസംബോധന ചെയ്ത് ജെഫ്രി എപ്സ്റ്റീൻ എഴുതിയതെന്ന പേരിൽ എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തിറങ്ങിയ കത്തിലായിരുന്നു ട്രംപിനെതിരായ പരാമർശം. എന്നാൽ ഇത് വ്യാജമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു.
സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. എന്നാൽ വിചാരണയ്ക്ക് മുമ്പ് സെല്ലിൽ എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വർഷങ്ങൾക്ക് ശേഷം അമേരിക്കന് നീതിന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള് പുറത്തുവിടുകയായിരുന്നു.
Content Highlights: photo shows prince Andrew in all fours over a women newly released details of Jeffrey Epstein files