വാഷിങ്ടണ്: അതിശൈത്യം കണക്കിലെടുത്ത് യുക്രൈനില് ഒരാഴ്ചത്തേക്ക് താല്കാലിക വെടിനിര്ത്തലിന് പുടിന് സമ്മതമറിയിച്ചതായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. കീവ് അടക്കമുള്ള മേഖലയില് ഒരാഴ്ചത്തേക്ക് ആക്രമണങ്ങള് നടത്തരുതെന്ന ട്രംപിന്റെ ആവശ്യമാണ് പുടിന് അംഗീകരിച്ചത്. കാബിനറ്റ് യോഗത്തില് ട്രംപ് തന്നെയായിരുന്നു ഇക്കാര്യത്തില് വിശദീകരണം നല്കിയത്. എന്നാല് ഇക്കാര്യത്തില് റഷ്യ സ്ഥിരീകരണം നല്കിയിട്ടില്ല.
മേഖലയില് കടുത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിലും യുക്രൈന്റെ ഊര്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവച്ച് ആക്രമണം തുടരുകയാണ് റഷ്യ. 'മേഖലയില് അതിശൈത്യം തുടരുന്നതിനാല് കീവിലും സമീപപ്രദേശങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേക്ക് നിര്ത്താന് ഞാന് പുടിനോട് അഭ്യര്ത്ഥിച്ചിരുന്നു. അദ്ദേഹം അക്കാര്യം സമ്മതിച്ചു. പുടിനെ വിളിക്കേണ്ടെന്നും ഇക്കാര്യം നടക്കില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നിട്ടും പുടിന് താല്കാലിക വെടിനിര്ത്തലിന് സമ്മതിച്ചു.' ഡോണള്ഡ് ട്രംപ് പറഞ്ഞു. ഇത് വളരെ അപ്രതീക്ഷിതമാണെന്നും ട്രംപ് കൂട്ടിച്ചേര്ത്തു.
വെള്ളിയാഴ്ച മുതല് കീവ് മേഖലയില് കടുത്ത ശൈത്യം തുടങ്ങുമെന്നാണ് കരുതുന്നത്. ശൈത്യകാലത്ത് യുക്രൈന് കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന സാഹചര്യമുണ്ട്. 2022 ഫെബ്രുവരി 24ന് റഷ്യ പൂര്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈന്റെ പ്രതിരോധത്തെ തകര്ക്കാന് റഷ്യ ശ്രമം നടത്തുന്നത് തുടരുകയാണ്.
റഷ്യ- യുക്രൈന് യുദ്ധം അവസാനിപ്പിക്കാന് യുഎസ് നിരന്തര ശ്രമങ്ങള് നടത്തുമ്പോള് സമാധാന ചര്ച്ചകള്ക്കായി റഷ്യ വീണ്ടും യുക്രൈനെ ക്ഷണിച്ചിട്ടുണ്ട്. യുക്രൈന് പ്രസിഡന്റ് വൊളോദിമിര് സെലന്സ്കിയെ സമാധാന ചര്ച്ചകള്ക്കായി മോസ്കോയിലേക്ക് ക്ഷണിച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ഇടപെടലില് ഇപ്പോള് താല്കാലിക വെടിനിര്ത്തലിനും റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്.
Content Highlight; Russia- Ukraine war; Trump Claims Putin Will Avoid Attacking Ukrainian Cities During Cold Week