യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നു: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനെതിരെ യുഎസ്

യുറോപ്യന്മാരെക്കാള്‍ വലിയ ത്യാഗങ്ങള്‍ റഷ്യ- യുക്രൈൻ യുദ്ധത്തിൽ അമേരിക്ക സഹിച്ചിട്ടുണ്ടെന്നും സ്‌കോട്ട് ബെസന്റ്

വാഷിങ്ടണ്‍: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ്. കരാര്‍ നടപ്പിലാക്കുന്നതിലൂടെ റഷ്യ- യുക്രൈന്‍ യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുകയാണെന്ന് അമേരിക്ക വിമര്‍ശിച്ചു. ഇന്ത്യയില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്ത റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില്‍ക്കുകയാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആരോപിച്ചു.

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുറോപ്യന്മാരെക്കാള്‍ വലിയ ത്യാഗങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്ക സഹിച്ചിട്ടുണ്ടെന്നും സ്‌കോട്ട് ബെസന്റ് അവകാശപ്പെട്ടു. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്‌കോട്ട് ബെസന്റിന്റെ പ്രതികരണം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി വ്യാപാര കരാറിലൊപ്പുവയ്ക്കുകയാണെന്നും ബെസന്റ് പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണികള്‍ക്കിടയിലാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കാനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളില്‍ ഒന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വാതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ പ്രഖ്യപനം ഇന്നുണ്ടായേക്കും. ഇന്ന് നടക്കുന്ന ഉച്ചകോടിയിലായിരിക്കും പ്രഖ്യാപനം. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇരുരാജ്യങ്ങളും ഔപചാരികമായി കരാറില്‍ ഒപ്പിടും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ആറുമാസത്തെ സമയമാണ് കണക്കാക്കുന്നത്.

'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ കരാറിനെ വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാമെന്ന് കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 110 ശതമാനം തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും.

Content Highlight; Scott Bessent Says Europe Is Funding Russia-Ukraine War by Buying Oil Products from India

To advertise here,contact us