'കൂടുതൽ ഫണ്ട് നൽകിയിട്ടും ഡയറക്ടർ ജനറലായി അമേരിക്കക്കാരൻ വന്നില്ല': ഡബ്ല്യുഎച്ച്ഒയിൽ നിന്ന് പിന്മാറി യുഎസ്

ലോകാരോഗ്യ സംഘടന അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് മാറിയെന്നും ഉത്തരവാദിത്വമില്ലായ്മയടക്കം കാണിച്ചുവെന്നും യുഎസ് ആരോപിച്ചു

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക. ഒരു വര്‍ഷം മുന്‍പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിന്‍വാങ്ങുന്നതിന് ഒരുവര്‍ഷം മുന്‍പ് അതത് രാജ്യം നോട്ടീസ് നല്‍കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിയമം. ഇതനുസരിച്ചാണ് യുഎസ് കഴിഞ്ഞ വര്‍ഷം പിന്‍മാറാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ചത്. എന്നാല്‍ യുഎസ് 270 ഡോളറിലധികം കുടിശ്ശിക നല്‍കാനുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകാരോഗ്യ സംഘടന അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് മാറിയെന്നും ഉത്തരവാദിത്വമില്ലായ്മയടക്കം കാണിച്ചുവെന്നുമാണ് യുഎസ് ഭരണകൂടത്തിന്‍റെ ആരോപണം. കോവിഡ്-19 കൈകാര്യം ചെയ്യുന്നതില്‍ സംഘടന വീഴ്ച്ചകള്‍ വരുത്തിയിട്ടുണ്ടെന്നും യുഎസ് രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയെന്നും ഇത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും യുഎസ് അറിയിച്ചു.

യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും യുഎസിന്റെ പിന്മാറ്റം സ്ഥിരീകരിച്ചു. കോവിഡ് കാലത്ത് ചൈന അടക്കമുള്ള രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ഫണ്ട് യുഎസ് നല്‍കിയെന്നും എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി ഒരു അമേരിക്കക്കാരനും ഇതുവരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും യുഎസ് ആരോപിച്ചു. 270 ഡോളര്‍ മില്യണ്‍ ഡോളര്‍ കുടിശ്ശികയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വാദത്തിന്, ഇത് നല്‍കാന്‍ നിയമപരമായി തങ്ങള്‍ ബാധ്യസ്ഥരല്ലെന്നായിരുന്നു യുഎസിന്റെ നിലപാട്.

ലോകാരോഗ്യ സംഘടനയുടെ ഭാഗമല്ലെങ്കിലും ആരോഗ്യമേഖലയിലെ തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. സ്വന്തം ഏജന്‍സികള്‍ വഴിയും മറ്റ് രാജ്യങ്ങളുമായി നേരിട്ടുള്ള ഉഭയകക്ഷി കരാറുകള്‍ വഴിയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 63 രാജ്യങ്ങളിലായി അമേരിക്കന്‍ ആരോഗ്യവകുപ്പിന് കീഴില്‍ രണ്ടായിരത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച് ഫെബ്രുവരിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ വിശദമായി ചര്‍ച്ച നടത്താനാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. നിലവില്‍ സംഘടനയിലേക്ക് തിരിച്ചുപോകാനോ നിരീക്ഷക പദവി സ്വീകരിക്കാനോ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight; The United States has officially announced its exit from the World Health Organization (WHO), marking a significant shift in its global health policy

To advertise here,contact us