ദാവോസ്: ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചെന്ന് പ്രഖ്യാപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നിർണ്ണായക കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചതായി ട്രംപ് അറിയിച്ചത്. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരുന്ന തീരുവകളാണ് റദ്ദാക്കിയത്.
മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ച വളരെ ഫലപ്രദമായെന്നും ഗ്രീൻലാൻഡ് വിഷയത്തിൽ ധാരണയിലെത്തുമെന്നും ട്രംപ് അറിയിച്ചു. ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയ്യാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇത് അമേരിക്കയ്ക്കും നാറ്റോയിലുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഗ്രീൻലാൻഡിൽ അമേരിക്കയുടെ സുരക്ഷയ്ക്കായുള്ള ഗോൾഡൻ ഡോം പദ്ധതിയെ കുറിച്ചു ചർച്ചകൾ നടന്നതായി അറിയിച്ചു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിൽ ഇടഞ്ഞ് നിന്ന യൂറോപ്യൻ രാജ്യങ്ങൾക്ക്മേലാണ് ഇറക്കുമതി തീരുവയായ ഗ്രീൻലാൻഡ് തീരുവ പ്രഖ്യാപിച്ചത്. ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് അധിക തീരുവ ഏർപ്പെടുത്തിയത്. ഫെബ്രുവരി ഒന്ന് മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും ട്രംപ് അറിയിച്ചിരുന്നു.
Content Highlights: Trump drops Greenland tariff threat after talks with NATO chief on future framework