ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 16 വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്

ജറുസലേം: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വ്യാഴാഴ്ച ഗാസയില്‍ നടന്ന രണ്ട് വ്യോമാക്രമണങ്ങളില്‍ പതിനാറ് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദിയര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിലാണ് പതിനാറ് വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടത്. കമാന്‍ഡര്‍ കൊല്ലപ്പെട്ട വിവരം ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ദിയര്‍ എല്‍ ബലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അല്‍ ഹോളിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു.

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗായസില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. മൂന്ന് മാസത്തിനിടെ ഗാസയില്‍ വിവിധയിടങ്ങളില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നൂറ് പേര്‍ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഗാസയില്‍ ഏകദേശം രണ്ട് ദശലക്ഷത്തോളം വരുന്ന ആളുകളില്‍ ഭൂരിഭാഗവും താല്‍ക്കാലിക വീടുകളിലോ തകര്‍ന്ന കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നത്.

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ഗാസയില്‍ അമേരിക്ക രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗാസയുടെ ഭരണ നിര്‍വഹണത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചതായും യുഎസ് അറിയിച്ചിരുന്നു. സായുധ സംഘങ്ങളെ നിരായുധീകരിക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് വിട്ടുനല്‍കണം. ഇതില്‍ പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സ്റ്റീവ് വിറ്റ്‌കോഫ് മുന്നറിയിപ്പ് നല്‍കി. റാന്‍ഗ്വിലി എന്ന ബന്ദിയുടെ മൃതദേഹം ഇപ്പോഴും ഹമാസ് വിട്ടുനല്‍കിയിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വാദം.

2023ല്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 71,441 പേരാണ്. 1,71,329 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights- 16 years old and seven others killed two israeli airstrike in gaza

To advertise here,contact us