ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വിളിക്കാത്തതിനാലാണ് ഇന്ത്യയുമായുള്ള വ്യാപാര കരാർ നടക്കാത്തതെന്ന യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നികിൻ്റെ വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹൊവാർഡ് ലുട്നികിൻ്റെ വാദം തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്ധീര് ജയ്സ്വാള് പറഞ്ഞു.
അമേരിക്കയുമായി ഇന്ത്യ വ്യാപാര കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രണ്ധീര് ജയ്സ്വാള് പറഞ്ഞു. 2025-ൽ നരേന്ദ്ര മോദി നിരവധി തവണ ട്രംപുമായി ചര്ച്ച നടത്തിയിട്ടുണ്ട്. ഏകദേശം എട്ടോളം തവണ ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചു. ഇന്ത്യക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ആ സംഭാഷണത്തില് ഉള്പ്പെട്ടിരുന്നു. പല സാഹചര്യങ്ങളിലും കരാറിന് അടുത്തെത്തിയിരുന്നെന്നും ജയ്സ്വാള് വ്യക്തമാക്കി.
യുഎസ്-ഇന്ത്യ വ്യാപാര കരാര് വൈകാന് കാരണം ഇന്ത്യയാണെന്നായിരുന്നു ഹൊവാര്ഡ് ലുട്നിക്കിന്റെ ആരോപണം. കരാർ ഒപ്പിടാനുള്ള അവസരം ഇന്ത്യ പാഴാക്കിയെന്ന് ലുട്നിക്ക് പറഞ്ഞിരുന്നു. മോദി ട്രംപിനെ വിളിക്കാത്തതുകൊണ്ടാണ് കരാര് നടക്കാത്തതെന്നും ലുട്നിക്ക് ആരോപിച്ചിരുന്നു. റഷ്യയുമായി വ്യാപാരത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ നികുതി ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടെയാണ് ഈ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.
Content Highlights: India’s Ministry of External Affairs has clarified that the statement made by the US Commerce Secretary regarding the proposed India–US trade agreement is inaccurate.