ധാക്ക: ബംഗ്ലാദേശില് ന്യൂനപക്ഷങ്ങള്ക്ക് എതിരായ അതിക്രമങ്ങള് തുടരുന്നു. വ്യവസായിയും 'ദൈനിക് ബിഡി ഖബര്' എന്ന പത്രത്തിന്റെ എഡിറ്ററുമായ റാണ പ്രതാപ് ബൈറാഗിയെ അക്രമിസംഘം വെടിവെച്ചു കൊന്നു. റാണ പ്രതാപിന്റെ തലയ്ക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. പിന്നാലെ ഇവര് ഓടിരക്ഷപ്പെടുകയും ചെയ്തു. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു.
രണ്ടാഴ്ച്ചയ്ക്കിടെ ബംഗ്ലാദേശില് നടന്ന അക്രമസംഭവങ്ങളിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. മണി ചക്രബര്ത്തി എന്നൊരു യുവാവും ആക്രമണത്തില് കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ത്സര്സിന്ദൂര് ബസാറില്വെച്ചായിരുന്നു സംഭവം. സ്വന്തം പാത്രകടയില് ഇരിക്കുമ്പോള് ഒരു സംഘമെത്തി മണിയെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മണി ചക്രബര്ത്തി മരിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തശേഷം മരത്തില് കെട്ടിയിട്ട് മര്ദിച്ചെന്നും റിപ്പോര്ട്ടുണ്ട്. മണിറാംപൂര്, കാളിഗഞ്ച് ജില്ലകളിലാണ് സംഘര്ഷങ്ങളുണ്ടായത്. ഡിസംബര് 18-ന് ദിപു ചന്ദ്രദാസെന്ന ഇരുപത്തിയഞ്ചുകാരനും ഡിസംബര് 24-ന് അമൃത് മൊണ്ഡാല് എന്ന യുവാവും 29-ന് ബജേന്ദ്ര ബിശ്വാസും ജനുവരി മൂന്നിന് ചന്ദ്രദാസ് എന്നയാളും ബംഗ്ലാദേശില് കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശില് ന്യൂനപക്ഷങ്ങള്ക്കെതിരായ അതിക്രമം തുടരുകയാണ് എന്നാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തില്പ്പെട്ട നിരവധിയാളുകളുടെ വീടുകളും അക്രമികള് തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. മുഹമ്മദ് യൂനുസ് സര്ക്കാരിന്റെ കീഴില് ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും വലിയ ഭീഷണിയാണ് നേരിടുന്നതെന്നും അതിക്രമങ്ങള് അവസാനിപ്പിക്കാന് സര്ക്കാര് മുന്കൈ എടുക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
Content Highlights: Hindu Journalist killed by violent group in bangladesh