വാഷിംഗ്ടണ്: ഇന്ത്യന് യുവതി അമേരിക്കയില് കൊല്ലപ്പെട്ട നിലയില്. കൊളംബിയയിലെ മേരിലാന്ഡിലാണ് സംഭവം. നികിത ഗോഡിശാല എന്ന ഇരുപത്തിയേഴുകാരിയാണ് കൊല്ലപ്പെട്ടത്. പങ്കാളി അർജുൻ ശർമയുടെ അപ്പാര്ട്ട്മെന്റിലാണ് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് അർജുൻ പരാതി നല്കി ദിവസങ്ങള്ക്കുളളിലാണ് അർജുന്റെ തന്നെ അപ്പാര്ട്ട്മെന്റില് നിന്ന് കുത്തേറ്റ് മരിച്ച നിലയില് നികിതയെ കണ്ടെത്തിയത്. ഹൊവാര്ഡ് കൗണ്ടി പൊലീസ് ഇരുപത്തിയാറുകാരനായ അര്ജുന് ശര്മയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വെളളിയാഴ്ച്ച അര്ജുന് ശര്മ നികിതയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ട്വിന് റിവേഴ്സ് റോഡിലെ 10100 ബ്ലോക്കിലുളള തന്റെ അപ്പാര്ട്ട്മെന്റിലെ പുതുവത്സരാഘോഷത്തിനിടെയാണ് യുവതിയെ അവസാനമായി കണ്ടതെന്നും പിന്നീട് യാതൊരു വിവരവുമില്ലെന്നും കാണിച്ചാണ് പരാതി നല്കിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല് അതേദിവസം തന്നെ അര്ജുന് യുഎസ് വിട്ട് ഇന്ത്യയിലേക്ക് കടന്നിരുന്നു.
ഇതോടെ പൊലീസ് അർജുന്റെ അപ്പാർട്ട്മെന്റിലെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് യുവതിയുടെ മൃതദേഹം കത്തിക്കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പുതുവത്സര തലേന്ന് രാത്രി ഏഴുമണിയോടെ നികിത കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൊലപാതകത്തിന് കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Content Highlights: Indian woman stabbed to death in US; boyfriend crosses into India