വാഷിംഗ്ടണ്: ന്യൂയോര്ക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറാൻ സൊഹ്റാൻ മംദാനി. അമേരിക്കയിൽ പുതുവര്ഷം പിറന്ന് നിമിഷങ്ങള്ക്കുളളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ നടക്കുക. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ പുസ്തകമായ ഖുര്ആനില് കൈവച്ചാകും മംദാനി സത്യപ്രതിജ്ഞ ചെയ്യുക. പൊതു-സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മംദാനി മൂന്ന് ഖുര്ആന് പുസ്തകങ്ങള് ഉപയോഗിക്കുമെന്ന് മുതിര്ന്ന ഉപദേഷ്ടാവ് സാറ റഹീം പറഞ്ഞു.
അര്ധരാത്രിയിലെ സത്യപ്രതിജ്ഞാ ചടങ്ങില് മംദാനി തന്റെ മുത്തച്ഛന്റെ ഖുര്ആനും എഴുത്തുകാരനും ചരിത്രകാരനുമായ അര്തുറോ ഷോംബര്ഗിന്റെ ഖുര്ആനുമാണ് ഉപയോഗിക്കുക. പകല് സിറ്റി ഹാളില് നടക്കുന്ന ചടങ്ങില് കുടുംബത്തിന്റെ മറ്റൊരു ഖുര്ആനും ഉപയോഗിക്കുമെന്നാണ് വിവരം. ഹാര്ലെം നവോത്ഥാനത്തിന് രൂപം നല്കിയ ആഫ്രോ-ലാറ്റിനോ എഴുത്തുകാരനായ ഷോംബര്ഗിന്റെ ഖുര്ആന് പ്രദര്ശിപ്പിക്കുന്നതിലൂടെ നഗരത്തിലെ വിശ്വാസങ്ങളുടെയും വംശീയ പശ്ചാത്തലങ്ങളുടെയും വ്യത്യസ്തതയെ അടിവരയിടുകയാണ് മംദാനിയുടെ ലക്ഷ്യം.
വര്ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനിലാണ് മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. 1904-ല് നിര്മ്മിച്ച് 1945-ല് ഉപേക്ഷിക്കപ്പെട്ട പഴയ 'സിറ്റി ഹാള്' സബ്വേ സ്റ്റേഷനാണിത്. ന്യൂയോര്ക്ക് അറ്റോര്ണി ജനറല് ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നഗരത്തിന്റെ പഴയകാല വീര്യത്തിന്റെ അടയാളമായി സബ്വേ സ്റ്റേഷന് ഉയര്ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞ വേദിയായി ഇവിടം തെരഞ്ഞെടുക്കാന് മംദാനിയെ പ്രേരിപ്പിച്ചത്. സ്വകാര്യ ചടങ്ങായിരിക്കും അര്ധരാത്രിയിലെ സത്യപ്രതിജ്ഞ നടക്കുക. തുടര്ന്ന് പകല് സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്പ്പതിനായിരത്തോളം പേര് ചടങ്ങില് പങ്കെടുക്കുമെന്നാണ് വിവരം.
Content Highlights: Mamdani to be sworn in as New York mayor tomorrow holding quran in hand