ധാക്ക: ബംഗ്ലാദേശ് വിദ്യാര്ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന് ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ രണ്ട് പേര് ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപോളിറ്റന് പൊലീസ്. കേസിലെ പ്രധാന പ്രതികളായ ഫൈസല് കരീം മസൂസ്, ആലംഗീര് ഷെയ്ഖ് എന്നിവര് ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക പൊലീസ് പറയുന്നത്. മേഘാലയിലെ ഹാലുഘട്ട് അതിര്ത്തി വഴിയാണ് പ്രതികള് കടന്നതെന്നാണ് അഡീഷണല് കമ്മീഷണര് എസ് എന് നസ്റുള് ഇസ്ലാം മാധ്യമപ്രവര്ത്തകരോട് വ്യക്തമാക്കിയത്. പ്രതികള്ക്ക് രാജ്യം വിടാന് പ്രാദേശിക സഹായം ലഭിച്ചതായും കമ്മീഷണര് അറിയിച്ചു.
ഹാലുഘട്ട് അതിര്ത്തിയില് പുരി എന്ന് പേരുള്ളയാളാണ് പ്രതികളെ സ്വീകരിച്ചതെന്ന് അഡീഷണല് കമ്മീഷണര് പറഞ്ഞു. അതിന് ശേഷം സമി എന്ന് പേരുള്ള ഒരു ടാക്സി ട്രൈവര് ഇവരെ മേഘാലയയിലെ ടുറാ സിറ്റിയില് എത്തിച്ചതായും കമ്മീഷണര് പറഞ്ഞു. പൊലീസ് ലഭിച്ച അനൗദ്യോഗിക വിവരം അനുസരിച്ച് പ്രതികളെ ഇന്ത്യന് അധികൃതര് കസ്റ്റഡിയില് എടുത്തതായാണ് അറിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി ഇന്ത്യന് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അഡീഷണല് കമ്മീഷണര് വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയെ അധികാരത്തില് നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തില് മുന്നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാന് ഹാദി. 2026ല് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്ലമെന്റ് തെരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്നഗര് പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുന്നതിനിടെ അജ്ഞാതര് ഹാദിക്ക് നേരെ വെടിയുതിര്ത്തുകയായിരുന്നു. മുഖംമൂടി ധരിച്ചവര് വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല് ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി.
ചികിത്സയ്ക്കിടെയായിരുന്നു മരണം. ഹാദിയുടെ മരണത്തെത്തുടര്ന്ന് ബംഗ്ലാദേശില് വ്യാപക സംഘര്ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ജതിയ ഛത്ര ശക്തി' എന്ന വിദ്യാര്ത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘര്ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights- Two main suspects of Sharif Osman hadi fled to india via Meghalaya boarder