'യേശു പലസ്തീനി'യെന്ന് പരസ്യ ബോർഡ്; ചർച്ചയായി അമേരിക്കയിലെ ടൈംസ് സ്ക്വയറിലെ ക്രിസ്മസ് സന്ദേശം

പലസ്തീൻ സ്വത്വത്തെ ഇല്ലാതാക്കുന്നതിനെതിരെയുള്ള സാംസ്കാരിക പ്രതിരോധം എന്ന നിലയിലാണ് പരസ്യബോർഡിലെ സന്ദേശം എന്നാണ് അമേരിക്കൻ-അറബ് ആന്റി-ഡിസ്ക്രിമിനേഷൻ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്

ന്യൂയോർക്ക്: വിവാദത്തിന് തിരികൊളുത്തി ടൈംസ് സ്ക്വയറിൽ പ്രത്യക്ഷപ്പെട്ട പരസ്യ സന്ദേശം. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ഒരു ഡിജിറ്റൽ പരസ്യബോർഡിൽ പ്രത്യക്ഷപ്പെട്ട പരസ്യമാണ് ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. യേശു പലസ്തീനിയാണ് എന്ന വാചകമാണ് ഡിജിറ്റൽ പരസ്യബോർഡിൽ തെളിഞ്ഞത്. ക്രിസ്മസ് ആശംസയ്‌ക്കൊപ്പമാണ്‌ യേശു പലസ്തീനിയാണ് എന്ന സന്ദേശം പരസ്യബോർഡിൽ തെളിഞ്ഞത്. ഇത് രാഷ്ട്രീയ പ്രസ്താവനയാണെന്ന ആരോപണം ഇതിനകം ഉയർന്നിരുന്നിട്ടുണ്ട്. അമേരിക്കൻ-അറബ് ആന്റി-ഡിസ്ക്രിമിനേഷൻ കമ്മിറ്റി (എഡിസി) പണം നൽകിയാണ് പരസ്യബോർഡിൽ ക്രിസ്മസ് ആശംസ പ്രദർശിപ്പിച്ചത്.

പച്ച നിറത്തിന്‍റെ പശ്ചാത്തലത്തിൽ കടും കറുപ്പ് അക്ഷരങ്ങളിലായിരുന്നു സന്ദേശം. പരസ്യബോർഡിൽ പ്രത്യക്ഷപ്പെട്ട സന്ദേശം ഭിന്നിപ്പിക്കുന്നതോ പ്രകോപനപരമോ ആണെന്ന വിമർശനവും ഉയരുന്നുണ്ട്. സൗഹാർദ്ദവും സമാധാനവും നിറയേണ്ട ഒരു അവധിക്കാലത്ത് ചരിത്രം, വിശ്വാസം, സ്വത്വം എന്നീ ചർച്ചകൾക്കാണ് ഈ സന്ദേശം തുടക്കമിടുക എന്ന വിമർശനം ഉയരുന്നുണ്ട്.

പലസ്തീൻ സ്വത്വത്തെ ഇല്ലാതാക്കുന്നതിനെതിരെയുള്ള സാംസ്കാരിക പ്രതിരോധം എന്ന നിലയിലാണ് പരസ്യബോർഡിലെ സന്ദേശം എന്നാണ് അമേരിക്കൻ-അറബ് ആന്റി-ഡിസ്ക്രിമിനേഷൻ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇസ്ലാം യേശുവിനെ ഒരു പ്രവാചകനായി ബഹുമാനിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഇൻസ്റ്റാ​ഗ്രാമിൽ പങ്കിട്ട പ്രസ്താവനയിലാണ് എഡിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 'ഗാസയിൽ വംശഹത്യ നടക്കുമ്പോൾ, യേശുവിന്റെ ജന്മസ്ഥലം ഉപരോധത്തിലും അധിനിവേശത്തിലും ആയിരിക്കുമ്പോൾ, ടൈംസ് സ്ക്വയറിന്റെ ഹൃദയഭാഗത്ത് ഞങ്ങൾ ഒരു അടിസ്ഥാന സത്യം വീണ്ടെടുക്കുന്നു' എന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. യേശുവിനെ ബെത്‌ലഹേമിൽ ജനിച്ച ഒരു പലസ്തീൻ അഭയാർത്ഥിയായാണ് ഇവർ വിശേഷിപ്പിച്ചിരിക്കുന്നത്.

പരസ്യബോർഡിലെ സന്ദേശവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയിൽ സമ്മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. 'മനോഹരവും ചിന്തോദ്ദീപകവു'മെന്നായിരുന്നു ഒരു എക്സ് ഉപയോക്താവിൻ്റെ പ്രതികരണം. 'അമേരിക്കയിൽ ഇത്തരമൊരു സന്ദേശം പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചത് കണ്ട് തങ്ങൾ അത്ഭുതപ്പെട്ടു'വെന്ന് ഒരു കൂട്ടർ പ്രതികരിച്ചിട്ടുണ്ട്. യേശുവിന്റെ കാലത്ത് പലസ്തീൻ ഒരു രാഷ്ട്രീയ സംവിധാനമായി നിലവിലില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചില ഉപയോക്താക്കൾ പരസ്യബോർഡിലെ സന്ദേശത്തിന് ചരിത്രപരമായ കൃത്യതയില്ലെന്ന് വിമർശിച്ചു. 'യേശുവിനെ പലസ്തീൻ എന്നല്ല, ജൂതൻ എന്ന് വിശേഷിപ്പിക്കണ'മെന്ന് വാദിക്കുന്ന ഒരുകൂട്ടർ പരസ്യബോർഡിലെ അവകാശവാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുമുണ്ട്.

പരസ്യബോർഡിലെ പ്രചാരണത്തെ ന്യായീകരിക്കുന്ന നിലപാടുമായി എഡിസി എഡിസി ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടർ അഡെബ് അയൂബും രം​ഗത്ത് വന്നിട്ടുണ്ട്. 'വർഷം മുഴുവനും ടൈംസ് സ്ക്വയറിലെ ബിൽബോർഡുകളിൽ വ്യത്യസ്ത സന്ദേശങ്ങൾ സംഘടന പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആളുകൾക്ക് ഇത് ചർച്ച ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, അത് വളരെ നല്ലതാണ്. ബിൽബോർഡ് ചർച്ചയ്ക്ക് തുടക്കമിട്ടു' എന്നായിരുന്നു അഡെബ് അയൂബിൻ്റെ പ്രതികരണം. 'കുറഞ്ഞത് നിങ്ങൾ സംസാരിക്കുകയെങ്കിലുമാണ്. അല്ലെങ്കിൽ, ഞങ്ങൾ നിശബ്ദരാക്കപ്പെടും, ഞങ്ങളുടെ ശബ്ദങ്ങൾ പുറത്തുവരില്ല' എന്നും അഡെബ് അയൂബ് കൂട്ടിച്ചേർത്തു. 'യേശു അധിനിവേശത്തിൽ ജനിച്ച ഒരു പലസ്തീനി' ആയിരുന്നുവെന്ന് നേരത്തെ കാലാവസ്ഥ പ്രവർത്തകയായ ​ഗ്രേറ്റ തുൻബെർ​ഗും ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു.

Content Highlights:‌ A digital billboard in Times Square proclaiming Jesus is Palestinian has sparked intense debate

To advertise here,contact us