ട്രംപിന്റെ ചിത്രമടക്കമുള്ള എപ്സ്റ്റീൻ ഫയലിലെ 16 ഫയലുകൾ നീക്കം ചെയ്ത് അമേരിക്ക

ഫയലുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് ഇതുവരെ ഒരു പൊതു അറിയിപ്പോ വിശദീകരണമോ നല്‍കിയിട്ടില്ല.

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എപ്സ്റ്റീന്‍ ഫയലിലെ 16 ഫയലുകള്‍ നീക്കം ചെയ്ത് അമേരിക്ക. പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അമേരിക്കയിലെ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ നിന്ന് 16 ഫയലുകള്‍ കാണാതായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രവും നഗ്നരായ സ്ത്രീകളുടെ പെയിന്റിങ്ങുകളും മറ്റും അടങ്ങിയ ഫയലുകളാണ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി.

വെള്ളിയാഴ്ച ലഭ്യമായിരുന്ന ഈ ഫയലുകള്‍ ഇന്നലെ ലഭ്യമല്ലാതാകുകയായിരുന്നു. എപ്സ്റ്റീന്‍, മെലാനിയ ട്രംപ്, എപ്സ്റ്റീന്റെ സഹായിയായ ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെല്‍ എന്നിവരോടൊപ്പമുള്ള ട്രംപിന്റെ ചിത്രവും എപ്സ്റ്റീന്‍ ഫയലിലുണ്ട്. ഫയലുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് ഇതുവരെ ഒരു പൊതു അറിയിപ്പോ വിശദീകരണമോ നല്‍കിയിട്ടില്ല.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മൈക്കിള്‍ ജാക്സണ്‍, മൈക്ക് ജാക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളടക്കമുള്ള എപ്സ്റ്റീന്‍ ഫയലുകളായിരുന്നു ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പുറത്ത് വിട്ടത്. ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം 1200ഓളം പേരെയാണ് എപ്സ്റ്റീന്‍ പീഡനത്തിനിരയാക്കിയിട്ടുള്ളത്. 'എപ്സ്റ്റീന്‍ ലൈബ്രറി' എന്ന വെബ്സൈറ്റിലൂടെയാണ് 300,000 പേജുള്ള രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.

എപ്‌സ്റ്റൈന്റെ സ്വകാര്യദ്വീപിലെ വസതിയില്‍നിന്നുള്ള ബില്‍ ക്ലിന്റണിന്റെ വിവിധ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. യുവതികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തിലുള്ളതും ഹോട്ട് ടബ്ബില്‍ ചാരിക്കിടക്കുന്നതുമായ ക്ലിന്റണിന്റെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഹോട്ട് ടബ്ബില്‍ മറ്റൊരു സ്ത്രീയുണ്ടെങ്കിലും ഇവരുടെ മുഖം മറച്ചിരിക്കുകയാണ്.

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാള്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയര്‍ തുടങ്ങിയ ജെഫ്രി, 1970കളില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ബെയര്‍ സ്റ്റേണ്‍സില്‍ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ല്‍ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീന്‍ ആന്‍ഡ് കോ സ്ഥാപിച്ചു. നൂറുകോടിയിലധികം വരുമാനമുള്ളവര്‍ക്ക് പ്രത്യേക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് എപ്സ്റ്റീന്‍ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.

2008ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന കേസില്‍ എപ്സ്റ്റീന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് ശേഷം ഇയാളെ 18 മാസത്തെ തടവിന് വിധിച്ചെങ്കിലും 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലില്‍ കഴിയേണ്ടി വന്നത്. സംഭവത്തില്‍ കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതോടെ എപ്സ്റ്റീനെ ഔദ്യോഗികമായി ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. 2019 ജൂലൈ 24 ന് എപ്സ്റ്റീനെ സെല്ലില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം, ഓഗസ്റ്റ് 10 ന് എപ്‌സ്റ്റിനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം, എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്.

Content Highlights: Jeffrey epstein US remove 16 files include Donald Trump

To advertise here,contact us