ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്ത്ഥി പ്രക്ഷോഭ നേതാവ് ഒസ്മാന് ഹാദിയുടെ മൃതദേഹം ഇന്ന് ഖബറടക്കും. ബംഗ്ലാദേശ് ദേശീയ കവി കാസി നസ്രുള് ഇസ്ലാമിന്റെ ഖബറിടത്തിന് സമീപമാണ് സംസ്കാരം നടക്കുക. വ്യാഴാഴ്ച്ച രാത്രിയാണ് ഹാദി മരിച്ചത്. ഡിസംബര് 12-ന് വെടിയേറ്റ ഹാദി സിംഗപ്പൂരില് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ധാക്കയിലെ ബിജോയ്നഗര് പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുന്നതിനിടെ അജ്ഞാതര് ഹാദിയെ വെടിവയ്ക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്ത്തത്. ഹാദിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായതോടെ വിദഗ്ദ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ഒസ്മാൻ ഹാദി. 2026ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നു. ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ജതിയ ഛത്ര ശക്തി' എന്ന വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു.
ബംഗ്ലാദേശ് പത്രമായ പ്രോതോം അലോയുടെ ഓഫീസ് സംഘം അടിച്ചുതകർക്കുകയും മാധ്യമപ്രവർത്തകർ അടക്കം നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. 'ഡെയ്ലി സൂപ്പർസ്റ്റാർ' പത്രത്തിന്റെ ഓഫീസും അക്രമികൾ അടിച്ചുതകർത്തു. അവാമി ലീഗിന്റെ ഓഫീസുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നും പ്രതിഷേധത്തില് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയർന്നുകേട്ടു എന്നും വിവരമുണ്ട്. സംഭവത്തിൽ ഡിസംബർ ഇന്ന് രാജ്യവ്യാപകമായി ദുഃഖാചരണം നടത്താൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlights: The body of Bangladeshi student protest leader Osman Hadi will be buried today