ധാക്ക: ബംഗ്ലാദേശ് വിദ്യാര്ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന് ഹാദിക്ക് അന്ത്യവിശ്രമമൊരുക്കിയതിൻ്റെ പേരിൽ വിവാദം. ബംഗ്ലാദേശിന്റെ ദേശീയ കവിയും എഴുത്തുകാരനും വിപ്ലവകാരിയുമൊക്കെയായിരുന്ന കാസിം നസ്രുല് ഇസ്ലാമിന്റെ ഖബറിടത്തിന് സമീപം അന്ത്യവിശ്രമമൊരുക്കിയതിലാണ് വിവാദം പുകയുന്നത്. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല് മീഡിയയില് അടക്കം ചര്ച്ച നടക്കുകയാണ്. കാസിം നസ്രുല് ഇസ്ലാം സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹത്തിന്റെ ഖബറിടത്തിന് സമീപം സ്വത്വത്തിലൂന്നിയുള്ള തീവ്ര വിദ്വേഷ പ്രചാരണം നടത്തുന്ന ഒസ്മാന് ഹാദിയെ പോലെയുള്ള ആളുടെ മൃതദേഹം സംസ്കരിക്കുന്നത് ശരിയല്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും ഇവര് വാദിക്കുന്നു.
ഒസ്മാന് ഹാദിയുടെ മരണമുണ്ടാക്കിയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് ഖബറിടത്തെ ചൊല്ലിയുള്ള വിവാദവും ഉടലെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ധാക്ക യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായ സൈഫുദ്ദീന് അഹമ്മദ് ഒസ്മാന്റെ സംസ്കാരം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കുന്നത്. അടിയന്തരമായി ഓണ്ലൈന് മീറ്റിംഗ് വിളിച്ചു ചേര്ത്തായിരുന്നു തീരുമാനമെടുക്കുന്നതും പ്രഖ്യാപനം നടത്തുന്നതും. ഖബറിടക്കം ഒരുക്കുന്നത് സംബന്ധിച്ച് സര്ക്കാരും യൂണിവേഴ്സിറ്റി സെന്ട്രല് സ്റ്റുഡന്റ്സ് യൂണിയനും രണ്ട് തട്ടിലായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ധാക്ക യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പള്ളിയില് കാസിം നസ്രുല് ഇസ്ലാമിന്റെ ഖബറിടത്തിന് സമീപം ഹാദിയുടെ മൃതദേഹം സംസ്കരിക്കാന് തീരുമാനിച്ചത്. ഹാദിയുടെ കുടുംബാംഗങ്ങളും ഇതിനെ പിന്തുണച്ചിരുന്നു.
സംസ്കാര നടപടികള്ക്ക് ശേഷമാണ് സോഷ്യല് മീഡിയ വിഷയം ഏറ്റെടുത്തതും രണ്ട് തട്ടിലായതും. ഹാദിക്ക് കാസിം നസ്രുലിന്റെ ഖബറിടത്തിന് സമീപം ഇടമൊരുക്കിയത് ചരിത്രംവെച്ചുള്ള കളിയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഗുണ്ടയായ ഒരാളെ വിഖ്യാതനായ കാസിം നസ്രുല് ഇസ്ലാമിന് സമീപം സംസ്കരിച്ചത് നാണക്കേടാണെന്നായിരുന്നു മറ്റൊരാള് അഭിപ്രായപ്പെട്ടത്. അതേസമയം നടപടിയെ പിന്തുണച്ച് വലിയൊരു വിഭാഗവും രംഗത്തെത്തി. വിഖ്യാത എഴുത്തുകാന്റെ ഖബറിടത്തിന് സമീപം ഒസ്മാന് ഹാദിയെ പോലുള്ള രക്തസാക്ഷിയുടെ മൃതദേഹം സംസ്കരിക്കുന്നത് എല്ലാവരും ആഗ്രഹിക്കുന്നതെന്നായിരുന്നു ചിലര് അഭിപ്രായപ്പെട്ടത്.
ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാൻ ഹാദി. 2026ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയാണ് ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്നഗര് പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുന്നതിനിടെ അജ്ഞാതര് ഹാദിക്ക് നേരെ വെടിയുതിർത്തുകയായിരുന്നു. മുഖംമൂടി ധരിച്ചവര് വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല് ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെയായിരുന്നു മരണം. ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ജതിയ ഛത്ര ശക്തി' എന്ന വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights- Sharif Osman Hadi death; New controversy in Bangladesh over his funeral