യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍; സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌

നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ ഒരാള്‍ കൂടിയാണ് പ്രണിത.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ കാര്‍ലോസ് നഗരത്തിലെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫിജിയില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവാണ് പ്രണിത. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാന്‍ മംദാനി നേടിയ ചരിത്ര വിജയം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വംശജയായ പ്രണിയ വെങ്കിടേഷിൻ്റെ വിജയം

സിറ്റി കൗണ്‍ലിവിന്റെ ഏകകണ്ഠമായ വോട്ടോടെ ഡിസംബര്‍ എട്ടിനാണ് പ്രണിത നഗരത്തിലെ മേയറായി ചുമതലയേറ്റത്. നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ ഒരാള്‍ കൂടിയാണ് പ്രണിത.

മാതാപിതാക്കള്‍ ഇന്ത്യക്കാരാണെങ്കിലും പ്രണിതയുടെ ജന്മസ്ഥലം ഫിജിയിലാണ്. അവിടെ നിന്ന് നാലാമത്തെ വയസില്‍ അമേരിക്കയിലേക്ക് താമസം മാറിയ പ്രണിത കാലിഫോര്‍ണിയയിലാണ് വളര്‍ന്നത്. ബാച്ചിലര്‍ ബിരുദവും ശിശുവികസനത്തിലും ക്ലിനിക്കല്‍ സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

സാന്‍ കാര്‍ലോസിലെ ഒരു ചെറുകിട ബിസിനസ് ഉടമ കൂടിയാണ് പ്രണിത. പൊതുസേവന രംഗത്ത് പ്രവേശിക്കുന്നതിന് മുന്‍പ് ഈസ്റ്റ് പോളോ ആള്‍ട്ടോയില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. 2022-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ആദ്യമായി സാന്‍ കാര്‍ലോസ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

'സാന്‍ കാര്‍ലോസിനായുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിർവഹിക്കും. പൊതുസുരക്ഷ, ശിശു സംരക്ഷണം, സാമ്പത്തിക സ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് നാടിനായി വാഗ്ദാനം ചെയ്യുന്നത്.' വിജയത്തിന് ശേഷം പ്രാദേശിക വാര്‍ത്താ മാധ്യമമായ സ്‌കട്ട് സ്‌കൂപനോട് സംസാരിക്കവെ പ്രണിത പറഞ്ഞു.

Content Highlight; Indian-origin leader Pranita Venkatesh has been elected Mayor of San Carlos, California.

To advertise here,contact us