റിയാദ്: പാകിസ്താനിൽ നിന്നുവന്ന് ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന 24,000 പേരെ നാടുകടത്തി സൗദി അറേബ്യ. ഭിക്ഷ യാചിക്കുന്നതിനൊപ്പം ഇവരിൽ പലരും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൂടിയാണ് സൗദിക്ക് തലവേദനയാകുന്നത്.
ഇത്തരം ഭിക്ഷക്കാരെ കണ്ടെത്താൻ സൗദി പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈ വർഷം മാത്രം 24,000 ഭിക്ഷക്കാരെയാണ് സൗദി പാകിസ്താനിലേക്ക് തിരിച്ചയച്ചത്. ഇതിന് പിന്നാലെ പാകിസ്താൻ പൗരന്മാർക്ക് സൗദി വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുബായ് 6000 പാകിസ്താനികളെയാണ് തിരിച്ചയച്ചത്. അസർബൈജാൻ ഏകദേശം 2500 പാകിസ്താനികളെ സ്വന്തം രാജ്യത്തേക്ക് കയറ്റിയയച്ചു.
കാലങ്ങളായി സൗദി അനുഭവിച്ചുവരുന്ന ഒരു പ്രശ്നമാണ് ഭിക്ഷക്കാരുമായി ബന്ധപ്പെട്ടുള്ളത്. ഇക്കാര്യം പാകിസ്താനോട് നേരത്തെതന്നെ സൗദി അധികൃതർ സൂചിപ്പിച്ചിരുന്നു. ഹജ്ജ് വിസകൾ ദുരുപയോഗം ചെയ്താണ് ഇത്തരം സംഘങ്ങൾ സൗദിയിൽ തങ്ങി ഭിക്ഷ യാചിക്കുന്നത്. ഈ രീതി തടയണമെന്നും അല്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഹജ്ജ് വിസയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സൗദി അറിയിച്ചിരുന്നു.
പാകിസ്താൻ അധികൃതരും വിഷയത്തെ ഗൗരവത്തോട് കൂടിയാണ് കാണുന്നത്. 2025ൽ മാത്രം, ഇത്തരത്തിൽ സംശയമുള്ള 66,154 പേരെയാണ് പാകിസ്താൻ അധികൃതർ വിമാനത്താവളങ്ങളിൽ തടഞ്ഞത്. ഭിക്ഷാടന മാഫിയയുടെ കണ്ണികളാണ് ഇവരെന്നാണ് അധികൃതർ സംശയിക്കുന്നത്. ഗൾഫിലേക്ക് മാത്രമല്ല ആഫ്രിക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത്തരത്തിൽ പാകിസ്താനികൾ പോകുന്നുണ്ട്. ടൂറിസ്റ്റ് വിസകൾ ദുരുപയോഗം ചെയ്യുന്നവരും നിരവധിയാണ്.
content Highlights: saudi deports pakistani beggars after many cautions