ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവ ഗുരുതരാവസ്ഥയിൽ; ആരോഗ്യം വീണ്ടെടുക്കാൻ പ്രാർഥിക്കുന്നതായി മോദി

നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിലേക്ക് മാറ്റിയത്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില മോശമാകാൻ കാരണം. ഇതേതുടർന്ന് മുൻ പ്രധാനമന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയത്തെയും ശ്വാസകോശത്തെയും അസുഖം കാര്യമായി ബാധിച്ചുതുടങ്ങിയതിന് പിന്നാലെയായിരുന്നു മാറ്റിയത്. ആശുപത്രിയിൽ വെച്ച് ആരോഗ്യാവസ്ഥ വീണ്ടും മോശമായി. വിദേശത്തുനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വലിയ മെഡിക്കൽ സംഘമാണ് ഖാലിദ സിയയെ ചികിത്സിക്കുന്നത്. മരുന്നുകളോട് സിയ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ഇനി വേണ്ടത് പ്രാർത്ഥനകൾ മാത്രമാണ് എന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വക്താക്കൾ വ്യക്തമാക്കി.

ആരോഗ്യനിലയിൽ എന്തെങ്കിലും പുരോഗതി ശ്രദ്ധയിൽപ്പെട്ടാൽ ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകാനും പദ്ധതിയുണ്ട്. ഇതിനായി എയർ ആംബുലൻസ് അടക്കം സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ ഖാലിദയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കുന്നുവെന്നും എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയ്യാറാണെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷ കൂടിയായ ഖാലിദ സിയ. മൂന്ന് തവണയാണ് ഖാലിദ പ്രധാനമന്ത്രിയായത്. 2018ൽ ഖാലിദ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ചികിത്സയ്ക്കായി പുറത്തുപോകുന്നതിനും വിലക്കുണ്ടായിരുന്നു.

Content Highlights: Khaleda Zia medical condition gets worse, modi concerned

To advertise here,contact us