വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരാൾ മരിച്ചു, അക്രമി അഫ്ഗാനിൽ യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചയാൾ

സൈനികർ കീഴടക്കിയ റഹ്‌മാനുല്ല പരിക്കുകളോടെ കസ്റ്റഡിയിലാണ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് സമീപം രണ്ട് സൈനികർക്ക് നേരെ വെടിയുതിർത്തയാൾ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി സിഐഎ. ഇയാളുടെ വെടിയേറ്റ വിർജീനിയ നാഷണൽ ഗാർഡ് അംഗമായ സാറാ ബെക്ക്‌സ്‌ട്രോം മരണത്തിന് കീഴടങ്ങി. ചികിത്സയിൽ കഴിയുന്ന ആൻഡ്രൂ വുൾഫ് ജീവിതത്തിലേക്ക് തിരികെ വരാൻ പോരാടുകയാണെന്ന് ട്രംപ് പ്രതികരിച്ചു.

റഹ്‌മാനുല്ല ലഖൻവാൾ എന്ന പ്രതി അഫ്ഗാനിൽ യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്ന് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് സ്ഥിരീകരിച്ചതിന് പിന്നാലെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാനെതിരെ യുഎസ് നയിച്ച പോരാട്ടത്തിൽ സൈന്യത്തെ സഹായിച്ച അഫ്ഗാൻ സ്വദേശികൾക്ക് ബൈഡൻ ഭരണകൂടം കുടിയേറ്റ അവസരം നൽകിയിരുന്നു. നന്ദിസൂചകമായി യുഎസ് നടപ്പാക്കിയ ഓപ്പറേഷൻ അലൈസ് വെൽക്കം പദ്ധതിയിലൂടെ നാലു വർഷം മുമ്പാണ് പ്രതി യുഎസിലെത്തിയത്. അഫ്ഗാനിലെ തെക്കൻ കാണ്ഡഹാറിലെ താലിബാൻ ശക്തികേന്ദ്രത്തിൽ സിഐഎയുടെ പിന്തുണയുള്ള യൂണിറ്റിൽ ഉൾപ്പെടെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്ക് വേണ്ടി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിക്കാണ് വൈഹസ് ഹൗസിന് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്ത് റോന്തുചുറ്റുകയായിരുന്ന രണ്ടു സൈനികർക്ക് നേരെ ഇയാൾ നിറയൊഴിച്ചത്. പിന്നാലെ സൈനികർ കീഴടക്കിയ റഹ്‌മാനുല്ല പരിക്കുകളോടെ കസ്റ്റഡിയിലാണ്. അതേസമയം ആക്രമണത്തിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: National Guard shooter worked with US govt entities in Afganistan says CIA, one dies

To advertise here,contact us