ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് ഭൂചലനം; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ കനത്ത മഴയാണ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ല.

സിമെലു ദ്വീപില്‍ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ കനത്ത മഴയാണ്. ഇതേ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേര്‍ മരിച്ചിരുന്നു.

അതേസമയം, ബുധനാഴ്ച സുമാത്ര ദ്വീപില്‍ വീശിയ 'സെന്‍യാര്‍' എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനെ വെള്ളത്തിനടിയിലാക്കുകയും സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തതായി രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പത്ത് പേരെ കൂടി കാണാതായതായി രാജ്യത്തെ ദുരന്ത നിവാരണ ഏജന്‍സിയുടെ വക്താവ് അബ്ദുള്‍ മുഹാരി പറഞ്ഞു.

വടക്കന്‍ സുമാത്രയിലുടനീളം ഏകദേശം 8,000 പേരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ സഹായം ക്രമീകരിച്ചിട്ടുണ്ടെന്ന് മുഹാരി പറഞ്ഞു.

Content Highlights: Indonesia residents rush outside as 6.6 magnitude quake hits

To advertise here,contact us