ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ അദ്ദേഹത്തിനെ കാണാൻ കുടുംബത്തിന് അനുമതി ലഭിച്ചതായി സഹോദരി അലീമ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ റാവൽപ്പിണ്ടിയിലെ ജയിലിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിക്കാൻ അവർ നിർദേശം നൽകി. പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സന്ദർശന അനുമതി ലഭിച്ചതെന്നും അലീമ ഖാൻ അറിയിച്ചു. പ്രതിഷേധം നടന്നിടത്താണ് പൊലീസുമായി ചർച്ച നടത്തിയതെന്നും ഇന്നും അടുത്ത ചൊവ്വാഴ്ചയും ഇമ്രാനെ കാണാനുള്ള അനുമതിയാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് അലീമ അറിയിച്ചത്. ഇതോടെ പ്രതിഷേധക്കാർ സമാധാനമായി പിരിഞ്ഞു.
അതേസമയം പ്രതിഷേധത്തിനിടയിൽ ഇമ്രാൻഖാന്റെ സഹോദരിമാരെ പൊലീസ് ഉപദ്രവിച്ചെന്ന് ആരോപണം ഉയർന്നു. ജയിലിൽ കഴിയുന്ന സഹോദരനെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് ഉപദ്രവിക്കാൻ കാരണമെന്ന് ഖാന്റെ സഹോദരിമാർ പറയുന്നു. നോറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവരാണ് തങ്ങളെയും റാവൽപിണ്ടി അദിയാലാ ജയിലിനു മുന്നിൽ തടിച്ചു കൂടിയ പാകിസ്താൻ തെഹ്രിക്ക് ഇ ഇൻസാഫ് പ്രവർത്തകരെയും പൊലീസ് ആക്രമിച്ചുവെന്ന് ആരോപിച്ചത്.
2023 മുതൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. കഴിഞ്ഞ മൂന്നാഴ്ച കാലമായി സഹോദരനെ കാണാൻ തങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മൂവരും പറഞ്ഞിരുന്നു. പിന്നാലെ നടന്ന ചർച്ചയിലാണ് കാണാനുള്ള അനുമതി ലഭിച്ചത്.
പിടിഐ പ്രവർത്തകരും ഖാന്റെ സഹോദരിമാരും ജയിലിന് പുറത്ത് ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് പൊലീസ് ഇവരുടെ നേരെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിനോട് കാട്ടുന്നത് അനീതിയാണെന്നും സഹോദരിമാർ പറയുന്നു. ഇതിനെ അടിച്ചമർത്തലും അന്യായവുമാണെന്നാണ് അവർ വിശേഷിപ്പിച്ചത്. പ്രതിഷേധക്കാരെ തടയാൻ വനിത പൊലീസ് ഓഫീസർമാരെ നിയോഗിച്ചത് മറ്റ് സ്ത്രീകളെ ഉപദ്രവിക്കാനാണെന്നും ഖാന്റെ സഹോദരിമാർ അഭിപ്രായപ്പെട്ടു.
Content Highlights: Imran Khan's sister says Family got Permission to meet Imran Khan