ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്നും ജയിലിനുള്ളിൽ തന്നെയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2023മുതൽ ജയിലിനുള്ളിലാണ് ഖാൻ. തങ്ങളുടെ നേതാവിനെ പാക് സേനയും സർക്കാരും ചേർന്ന് ഉപദ്രവിക്കുകയാണെന്നാണ് ഇമ്രാന്റെ പാർട്ടിയായ പിടിഐ ആരോപിച്ചിരുന്നത്. പലതവണ ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് കുടുംബത്തിന് അനുമതിയും നൽകിയിരുന്നില്ല. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അഡിയാല ജയിലിനെ പുറത്തേക്ക് ഇമ്രാൻ ഖാനെ മാറ്റിയെന്ന വാർത്ത പൂർണമായും തെറ്റാണെന്നും അദ്ദേഹത്തിന് മതിയായ മെഡിക്കൽ കെയർ ഉറപ്പാക്കുന്നുണ്ടെന്നും ജയിൽ അധികൃതർ പറയുന്നു. അതേസമയം ഇമ്രാന്റ് സഹോദരി അലീമ ഖാന് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ ഇമ്രാൻ കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിൽ അധികൃതരുടെയും വിശദീകരണം.
ഇതിനിടയിൽ ഇമ്രാൻ ഖാന് ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് ജയിലിൽ നൽകുന്നതെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് പ്രതികരിച്ചിരിക്കുന്നത്. മികച്ച ഭക്ഷണമടക്കം ഒരു ആഢംബര ഹോട്ടലിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇമ്രാന് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. ടിവി കാണാനുള്ള സജ്ജീകരണങ്ങളും വ്യായാമത്തിനായുള്ള സംവിധാനങ്ങളും വരെ അദ്ദേഹത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. താൻ ജയിലിലായിരുന്നപ്പോൾ തണുപ്പേറിയ തറയിൽ കിടന്നു, ജയിലിലെ ഭക്ഷണവും കഴിച്ച്, കൊടും തണുപ്പിൽ കുളിക്കാൻ ചൂട് വെള്ളമോ, ചൂടാൻ മതിയായ പുതപ്പുകളോ ഇല്ലാതെയാണ് കഴിഞ്ഞിരുന്നതെന്നും പാക് മന്ത്രി പറയുന്നുണ്ട്. എന്നാൽ ഇമ്രാന് ഡബിൾ ബെഡും വെൽവറ്റ് മെത്ത സഹിതമാണ് ഉള്ളതെന്നും മന്ത്രി അവകാശപ്പെടുന്നു.
Content Highlights: Imran Khan is alive and going good says jail authority