ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് തബാതബിയെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ

ലെബനൻ തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ഇരുപത്തിയെട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

ബെയ്‌റൂട്ട്: യുഎസ് മധ്യസ്ഥതയിൽ ഒരു വർഷം മുമ്പ് ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹയ്തം അലി തബാതബയി കൊല്ലപ്പെട്ടു. ലെബനൻ തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ഇരുപത്തിയെട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കൻ ബെയ്‌റൂട്ടിലെ ദാഹിയയിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിലാണ് തബാതബയി കൊല്ലപ്പെട്ടത്. തങ്ങളുടെ 'ധീരനായ ജിഹാദി കമാൻഡർ' കൊല്ലപ്പെട്ടുവെന്ന് പ്രസ്താവനയിലൂടെ ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. 2024 നവംബറിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന് ശേഷം ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ കൊലപ്പെട്ട സീനിയർ ഹിസ്ബുള്ള കമാൻഡറാണ് തബാതബയി. കഴിഞ്ഞ വർഷം നടന്ന യുദ്ധം മുതൽ ഇസ്രയേൽ സേന തബാതബയിയെ ലക്ഷ്യമിട്ട് നടത്തിയ മൂന്നാമത്തെ ശ്രമത്തിലാണ് ഫലം കണ്ടതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1968 ബെയ്‌റൂട്ടിലാണ് തബാതബയിയുടെ ജനനം. മാതാവ് ലബനൻ സ്വദേശിയും പിതാവ് ഇറാനിയുമാണ്. തെക്കൻ ലെബനനിൽ വളർന്ന തബാതബയി പന്ത്രണ്ടാം വയസിലാണ് ഹിസ്ബുള്ളയിൽ ചേർന്നത്. ഹിസ്ബുള്ളയുടെ രണ്ടാം തലമുറ നേതാക്കളിൽപ്പെടുന്ന നേതാവാണ് തബാതബയി. സിറിയയിലും യമനിലും പല യുദ്ധങ്ങളിലും ഇയാൾ പങ്കെടുത്തിട്ടുണ്ട്. ഇതിലൂടെയാണ് തബാതബയി സംഘടനയിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കിയെടുത്തത്.

ഇസ്രയേലുമായി 2023-24 കാലയളവിൽ നടന്ന യുദ്ധത്തിൽ മറ്റു ഉയർന്ന കമാൻഡർമാർ കൊലപ്പെട്ടതിന് പിന്നാലെ നേതൃത്വം ഏറ്റെടുത്തത് തബാതബയിയാണ്. 2024ലെ വെടിനിർത്തൽ കരാറിന് പിന്നാലെ ഇസ്രയേലിന് എതിരെയുള്ള പടയൊരുക്കം നടത്തിവരികയായിരുന്നു ഇയാൾ. സിറിയയിലെയും യമനിലെയും ഇയാളുടെ പ്രവർത്തനങ്ങളെ തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തബാതബയിയെ 2016ൽ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തബാതബയിയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അഞ്ച് മില്യൺ ഡോളറാണ് യുഎസ് ട്രഷറി പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

സിറിയയയിലും ലെബനനിലും ഇസ്രയേൽ നടത്തിയ പല ആക്രമണങ്ങളും അതിജീവിച്ച തബാതബയി 2024 ജൂലായിൽ മുൻ മിലിട്ടറി മേധാവി ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ലെബനനിലേക്ക് തിരികെ എത്തിയത്. ലെബനീസ് ജനതയ്ക്ക് അത്രയ്ക്ക് പരിചിതമല്ലാത്ത തബാതബയി യുദ്ധാനന്തരം ഹിസ്ബുള്ളയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കമാൻഡർമാരിൽ ഒരാളാണ്. അതേസമയം ബെയ്റൂട്ടില്‍ നടന്ന ആക്രമണത്തിന് ഉത്തരവിട്ടത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ള സെക്രട്ടറി ജനറൽ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവായ തബാതബയിയെ ഇസ്രയേൽ വധിച്ചത് പോപ്പ് ലിയോ XIV ലെബനൻ സന്ദർശനം നടത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ്.Content Highlights: Hezbollah top commander Haytham Ali Tabatabai killed in Israel strike

To advertise here,contact us