തായ്‌വാന്‌ സമീപമുള്ള ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കം; മുന്നറിയിപ്പുമായി ചൈന

ജപ്പാനും ചൈനയ്ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം

ബീജിംഗ്: തായ്‌വാന്‌ സമീപമുള്ള യോനാഗുനി ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന രം​ഗത്ത്. പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതും സൈനീകമായ പ്രകോപനം സൃഷ്ടിക്കുന്നതുമാണ് ജപ്പാൻ്റെ നീക്കമെന്നാണ് ചൈന വ്യക്തമാക്കുന്നത്. ജപ്പാനും ചൈനയ്ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ആണ് ജപ്പാനെതിരെയുള്ള ചൈനീസ് നിലപാട് വ്യക്തമാക്കിയത്. പുതിയതായി അധികാരമേറ്റ ജപ്പാനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ പ്രതികരണമാണ് ജപ്പാൻ-ചൈന ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയത്. ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനെതിരായി ചൈനീസ് ആക്രമണം ഉണ്ടായാൽ ടോക്കിയോയിൽ നിന്ന് സൈനിക പ്രതികരണമുണ്ടാകുമെന്നായിരുന്നു സനേ തകായിച്ചി പറഞ്ഞത്.

ജപ്പാനിലെ വലതുപക്ഷ ശക്തികൾ ജപ്പാനെയും മേഖലയെയും ദുരന്തത്തിലേക്ക് നയിക്കുന്നു എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. ദേശീയ പ്രദേശിക പരമാധികാരം സംരക്ഷിക്കാൻ ബെയ്ജിം​ഗ് ദൃഢനിശ്ചയമുള്ളവരും പ്രാപ്തരുമാണെന്നും മാവോ നിംഗ് കൂട്ടിച്ചേ‍ർത്തു.

തായ്‌വാൻ്റെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ (68 മൈൽ) അകലെയുള്ള യോനാഗുനി ദ്വീപിലെ ഒരു സൈനിക താവളത്തിൽ ഒരു ഇടത്തരം ഉപരിതല-വിമാന മിസൈൽ യൂണിറ്റ് വിന്യസിക്കാനുള്ള പദ്ധതികൾ ക്രമാനു​ഗതമനായി മുന്നോട്ട് നീങ്ങുന്നു എന്ന് ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. യോനാഗുനിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസൈൽ വിന്യാസം നടത്തിയതെന്നും ജപ്പാനീസ് പ്രതിരോധമന്ത്രി കൂട്ടിച്ചേ‍ർ‌ത്തിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വ്യക്താവിൻ്റെ പ്രതികരിച്ചിരിക്കുന്നത്. ഈ നീക്കം അങ്ങേയറ്റം അപകടകരമാണ്, അടുത്തുള്ള രാജ്യങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിലും ഗുരുതരമായ ആശങ്കകൾ ഉയരണം. പ്രത്യേകിച്ച് തകൈച്ചിയുടെ മുൻ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ എന്നായിരുന്നു മാവോ തിങ്കളാഴ്ച പറഞ്ഞത്.

ജപ്പാനീസ് നേതൃത്വത്തിൻ്റെ പ്രതികരണങ്ങൾക്ക് പിന്നാലെ ചൈനീസ് ദേശീയ മാധ്യമങ്ങൾ വിഷയത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തെ തുടർന്ന് ചൈനീസ് അധികൃതർ ജാപ്പനീസ് സമുദ്രവിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ജാപ്പനീസ് സിനിമകളുടെ റിലീസ് നിർത്തിവെയ്ക്കുകയും പൗരന്മാർക്ക് ജപ്പാൻ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ യോനാഗുനി ദ്വീപിൽ മിസൈൽ വിന്യസിക്കാനുള്ള ജപ്പാനീസ് നീക്കത്തോട് അനുകൂലമായിട്ടായിരുന്നു തായ്‌വാൻ്റെ പ്രതികരണം.ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ജപ്പാന് അതിന്റെ പ്രദേശത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവകാശമുണ്ടെന്നായിരുന്നു തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് നിയമനിർമ്മാണ സഭയിലെ അം​ഗങ്ങളോട് പറഞ്ഞത്. ജപ്പാൻ അതിന്റെ സൈനിക സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് അടിസ്ഥാനപരമായി തായ്‌വാൻ കടലിടുക്കിൽ സുരക്ഷ നിലനിർത്തുന്നതിന് സഹായകരമാണ്. അതിനാൽ, തീർച്ചയായും, ഇത് നമ്മുടെ ദേശീയ താൽപ്പര്യങ്ങൾക്ക് സഹായകരമാണ്, കാരണം ജപ്പാന് തായ്‌വാനോട് ഒരു പ്രാദേശിക രൂപകൽപ്പനയോ ശത്രുതയോ ഇല്ലാ എന്നും തായ്‌വാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കൂട്ടിച്ചേ‍ർ‌ത്തു.

Content Highlights: China warned against Japan's plan to deploy missiles on island near Taiwan

To advertise here,contact us