വിശ്വ സുന്ദരി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്; അവസാന 12ല്‍ എത്താതെ ഇന്ത്യ

ഡിസ്‌ലക്‌സ്യ, എഡിഎച്ച്ഡി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ മൂലമുള്ള പ്രതിസന്ധികളെ തന്റെ ശക്തിയാക്കി മാറ്റിയാണ് ഫാത്തിമ ബോഷ് ഈ നേട്ടം കരസ്ഥമാക്കിയത്

ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്‌ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. അവസാന 12ല്‍ ഇടം നേടാനാകാതെ മിസ് ഇന്ത്യ മണിക ശര്‍മ പുറത്തായി. അതേസമയം ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെട്ടത് അഭിമാനകരമായ കാര്യമാണ്.

2020ല്‍ ആന്‍ഡ്രിയ മെസാ വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്‌സിക്കോയില്‍ ഈ നേട്ടം വീണ്ടുമെത്തുന്നത്. മെക്‌സിക്കോയിലെ ടബാസ്‌കോയാണ് ഫാത്തിമ ബോഷിന്റെ പ്രദേശം. ഫാത്തിമ ബോഷ് ഫെര്‍ണാണ്ടസ് എന്നാണ് മുഴുവന്‍ പേര്. ഡിസ്‌ലക്‌സ്യ, എഡിഎച്ച്ഡി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ ഫാത്തിമയ്ക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മൂലമുള്ള പ്രതിസന്ധികളെ തന്റെ ശക്തിയാക്കി മാറ്റിയാണ് ഫാത്തിമ ബോഷ് ഈ നേട്ടം കരസ്ഥമാക്കിയത്.

ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബോഷ് ഇറ്റലിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. ചെറിയ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിന് എന്ത് ചെയ്യുമെന്നായിരുന്നു ഫാത്തിമ ബോഷിനോട് അവസാന റൗണ്ടില്‍ ചോദിച്ച ചോദ്യം. 'ഒരു വിശ്വസുന്ദരിയെന്ന നിലയില്‍ നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞാന്‍ പറയും. നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കണം, നിങ്ങളുടെ സ്വപ്‌നവും മനസും പ്രധാനമാണ്. നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കാന്‍ ആരെയും അനുവദിക്കരുത്, എല്ലാത്തിനേക്കാളും മൂല്യമുള്ളത് നിങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാണ്', എന്നായിരുന്നു ഫാത്തിമ ബോഷിന്റെ ഉത്തരം.

Content Highlights: Miss Mexico Fathima Bosh elected as Miss Universe

To advertise here,contact us