മുലയൂട്ടുന്ന സ്ത്രീകളെ അടക്കം കഴുത്തറുത്ത് കൊന്നു;കോംഗോയിൽ ആശുപത്രിയിൽ ADFന്റെ ഭീകരാക്രമണം,17പേർ കൊല്ലപ്പെട്ടു

ഓഗസ്റ്റില്‍ എഡിഎഫ് നടത്തിയ നിരവധി ആക്രമണങ്ങളില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു

കോമ: കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്‌വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്) ഭീകരാക്രമണം നടത്തിയത്. മുലയൂട്ടുന്ന സ്ത്രീകളെ പോലും ക്രൂരമായി കൊലപ്പെടുത്തിയെന്നും ഇവരെ ആശുപത്രി കിടക്കയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്നും പ്രാദേശിക ഭരണാധികാരിയായ കേണല്‍ അലൈന്‍ കിവേവ പ്രതികരിച്ചു.

ആശുപത്രി ആക്രമണത്തില്‍ 11 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎഫ് മറ്റ് ഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍സ്യ പ്രദേശത്തെ സിവില്‍ സൊസൈറ്റി നേതാവ് സാമുവല്‍ കാകുലേ കഘേനി പറഞ്ഞു. എന്നാല്‍ ഈ ഗ്രാമങ്ങളിലെ അപകടം എത്രത്തോളമാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.

ഓഗസ്റ്റില്‍ എഡിഎഫ് നടത്തിയ നിരവധി ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ജൂലൈയില്‍ ഇതുരി പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് യൊവേരി മുസെവേനിയോടുള്ള അതൃപ്തിയെ തുടര്‍ന്ന് 1990കളുടെ അവസാനത്തിലാണ് ഉഗാണ്ടയിലെ ചെറിയ ചില ഗ്രൂപ്പുകള്‍ ചേര്‍ന്ന് എഡിഎഫ് രൂപീകരിച്ചത്. 2002ല്‍ ഉഗാണ്ടയിലെ സൈനിക ആക്രമണത്തെ തുടര്‍ന്ന് ഐഡിഎഫ് കോംഗോയിലേക്ക് നീങ്ങുകയായിരുന്നു.

Content Highlights: 17 killed in hospital attack in Congo

To advertise here,contact us