'തെറ്റായ പ്രചരണം'; ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്ന വാർത്ത നിഷേധിച്ച് തുർക്കി

ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഉമര്‍ നബിക്ക് തുര്‍ക്കിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു

അങ്കാര: ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് തുര്‍ക്കി. പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്ന് തുര്‍ക്കി വ്യക്തമാക്കി. തുര്‍ക്കിയിലെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിസ്ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

'ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ തുര്‍ക്കിക്ക് ബന്ധമുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലോജിസ്റ്റിക്കല്‍-ഡിപ്ലോമാറ്റിക്-സാമ്പത്തിക സഹായം നല്‍കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റായ പ്രചാരണമാണ്. ഉഭയകക്ഷി ബന്ധം ഇല്ലാതാക്കുന്ന ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണമാണിത്', തുര്‍ക്കി വ്യക്തമാക്കി.

ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഉമര്‍ നബിക്ക് തുര്‍ക്കിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തുര്‍ക്കിയിലെ ഒരു ഹാന്‍ഡ്‌ലറുമായി ഇയാള്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

'ഉകാസ' എന്ന കോഡ് പേരിലുള്ള ഹാന്‍ഡ്‌ലര്‍ക്ക് ഉമര്‍ നബിയുമായും കൂട്ടാളികളുമായി നേരിട്ടുള്ള ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സ്ഥലം അങ്കാരയാണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഗ്രൂപ്പിന്റെ നീക്കങ്ങള്‍ 'ഉകാസ' നിരീക്ഷിക്കുന്നുണ്ടെന്നും കണ്ടെത്തി. 2022മാര്‍ച്ചില്‍ ഫരീദാബാദ് സംഘത്തിലെ നിരവധി പേര്‍ ഇന്ത്യയില്‍ നിന്നും അങ്കാരയിലേക്ക് സഞ്ചരിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു.

ചില ടെലഗ്രാം ഗ്രൂപ്പുകളില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉമര്‍ നബിയും സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുസമിലും തുര്‍ക്കിയിലേക്ക് പോയതെന്നും കണ്ടെത്തിയിട്ടുണ്ട്. തുര്‍ക്കി സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലുടനീളം ലക്ഷ്യമിട്ട പ്രദേശങ്ങളില്‍ സ്‌ഫോടനം നടത്താന്‍ 'ഉകാസ' നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlights: Turkey denied news about their link in Red Fort incident

To advertise here,contact us