ശാസ്ത്ര ലോകത്തെ നൂറ്റാണ്ടിന്റെ കണ്ടെത്തല്‍; ഡിഎന്‍എയുടെ ഘടന കണ്ടെത്തിയ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു

1953ല്‍ 24ാം വയസിലായിരുന്നു ജെയിംസ് വാട്‌സണ്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്

വാഷിങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 20ാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായ മാറിയ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്‌സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടി. ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പമായിരുന്നു അദ്ദേഹം ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്.

1953ല്‍ 24ാം വയസിലായിരുന്നു ജെയിംസ് വാട്‌സണ്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയത്. താനും ഫ്രാന്‍സിസിക് ക്രിക്കും നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് നടത്തിയതെന്ന് അഭിപ്രായപ്പെട്ടിരുന്ന ജെയിംസ് വാട്‌സണ്‍ ഈ കണ്ടെത്തല്‍ സമൂഹത്തില്‍ ഇത്രയും ചലനമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ഒരിക്കല്‍ പ്രതികരിച്ചത്. രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയ നിര്‍ണായകമായ വഴിത്തിരിവുകള്‍ക്കെല്ലാം തുടക്കമായത് ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതോടെയാണ്. മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്കും അദ്ദേഹം മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവ ശാസ്ത്രജ്ഞര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.

എന്നാല്‍ മഹാ കണ്ടുപിടിത്തതിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആദരണീയനായ ജെയിംസ് വാട്‌സന്റെ കറുത്ത വംശജരെ അധിക്ഷേപിക്കുന്ന പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ നേരിടാന്‍ കാരണമായി. 2007ല്‍ സണ്‍ഡേ മാഗസിനിലായിരുന്നു ജെയിംസ് വാട്‌സന്റെ വിവാദ പരാമര്‍ശം വന്നത്. കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപ പരാമര്‍ശമായിരുന്നു അദ്ദേഹം നടത്തിയത്. 'എല്ലാവരും തുല്യരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കറുത്ത വര്‍ഗക്കാരായ ജീവനക്കാരുമായി ഇടപഴകുന്ന ആളുകള്‍ക്ക് ഇത് സത്യമല്ലെന്ന് മനസിലാകും', എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

അധിക്ഷേപ പരാമര്‍ശത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ജെയിംസ് വാട്‌സണ്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2019ല്‍ പുറത്ത് വന്ന ഡോക്യുമെന്ററിയില്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറിയിട്ടില്ലെന്നായിരുന്നു ജെയിംസ് വാട്‌സണ്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലാബ് വാട്‌സണിന് നല്‍കിയ നിരവധി ഓണററി പദവികള്‍ റദ്ദാക്കിയിരുന്നു.

1928 ഏപ്രിലില്‍ ഷിക്കാഗോയിലാണ് വാട്‌സണ്‍ ജനിച്ചത്. 15ാം വയസില്‍ ചിക്കാഗോ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് നേടി. ഡിഎന്‍എ ഘടനയെക്കുറിച്ചുള്ള ഗവേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കേംബ്രിഡ്ജിലെത്തി. കണ്ടുപിടിത്തതിന് ശേഷം ഭാര്യ എലിസബത്തിനൊപ്പം ഹാര്‍വാര്‍ഡിലേക്ക് മാറി ജീവശാസ്ത്ര പ്രൊഫസറായി. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

Content Highlights: James Watson who discovered the structure of DNA passed away

To advertise here,contact us