ട്രംപിന് ചെക്ക്; ഇന്ത്യന്‍ വംശജൻ സൊഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയർ

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു

വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ്.

മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാ​ഗത്തിൽ നിന്നും ഒരു ഒരാൾ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാന്‍ മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരൻ മേയറായി വിജയിച്ചാൽ ന്യൂയോര്‍ക്ക് ന​ഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നിരുന്നാലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.

കമ്യൂണിസ്റ്റ് ഭ്രാന്തനാണ് സൊഹ്‌റാന്‍ മംദാനി എന്ന വിമർശനവും ട്രംപ് പലതവണയും ഉയർത്തിയിരുന്നു. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോർക്കിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിൻ്റെ വിമർശനം. രാജ്യത്തെ മാ‍‍ർക്സിസ്റ്റ് ഭ്രാന്തൻമാ‍ർക്ക് അടിയറവെയ്ക്കാൻ വേണ്ടിയല്ല നമ്മുടെ മുൻതലമുറ രക്തം ചിന്തിയത്. ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് എന്ന നിലയിൽ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ‍ ഞാൻ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാൽ അതിൽ ന്യൂയോർക്ക് നഗരവും ഉൾപ്പെടുന്നതാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

പ്രധാന വിഷയങ്ങളിൽ മംദാനി എടുത്തിട്ടുള്ള നിലപാടുകൾ പ്രധാനമാണ്. ഗുജറാത്ത് മുതൽ ഗാസ വരെ ഇടതുപക്ഷ ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തർദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയിൽ പലപ്പോഴായി മംദാനി നിലപാടുകൾ അറിയിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങളാണ് മംദാനി മുന്നോട്ടുവെച്ചത്.

Content Highlights: Zohran Mamdani is the Indian-born mayor of New York

To advertise here,contact us