ബുസാന്: ആറ് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും കൂടിക്കാഴ്ച നടത്തും.ബുസാനില് വെച്ച് ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. വ്യാപാര തര്ക്കങ്ങള് ആകും പ്രധാന ചർച്ച വിഷയം.
വര്ധിച്ച് വരുന്ന വ്യാപാര തര്ക്കങ്ങള്ക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിലാണ് നിര്ണായക കൂടിക്കാഴ്ച നടക്കുന്നത്.2019ന് ശേഷം ട്രംപും ഷീയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്. 2019ല് ജപ്പാനില് നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കണ്ടിരുന്നത്. സമീപമാസങ്ങളില് വഷളായ ദുര്ബലമായ വ്യാപാരക്കരാര് പുനസ്ഥാപിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഇരുപക്ഷവും ആശങ്കയോടെയും എന്നാല് നേരിയ പ്രതീക്ഷയോടെയുമാണ് ചര്ച്ചകള്ക്ക് ഒരുങ്ങുന്നത്.
ചൈനയ്ക്ക് മേല് താരിഫ് 150 ശതമാനം വരെ ഉയര്ത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല് ഇതിനോട് തങ്ങള് പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്നങ്ങളിലും പരസ്പര തര്ക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
അമൂല്യ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ വൈകിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. അമേരിക്കൻ കർഷകരോടുള്ള സൗഹൃദത്തിന്റെ പ്രതീകമായി യുഎസ് സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത വാക്പോരുകൾക്കിടയിലും ഒരു കരാറുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം ട്രംപ് പ്രകടിപ്പിച്ചു. യുഎസിലെ മയക്കുമരുന്ന് പ്രതിസന്ധിക്ക് കാരണമാകുന്ന ഫെന്റനൈൽ എന്ന സിന്തറ്റിക് ഓപിയോയിഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനം നിയന്ത്രിക്കാൻ ചൈന സമ്മതിച്ചാൽ തീരുവകൾ കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ്-ഷി ചർച്ചകളിൽ ടിക് ടോക്ക് വിഷയവും ചർച്ചചെയ്യും ഈ വിഷയത്തിലെ അന്തിമ കരാർ ഷിയുമായി നേരിട്ട് ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
Content Highlight : Trump-Xi Jinping crucial meeting today after six years