റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുത്ത് വിട്ടുവീഴ്ച്ച ചെയ്യൂ, യുദ്ധം അവസാനിപ്പിക്കണം: സെലൻസ്കിയോട് ട്രംപ്

വിട്ടുവീഴ്ച്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞത്

വാഷിംഗ്ടണ്‍: റഷ്യ പിടിച്ചെടുത്ത യുക്രൈന്റെ പ്രദേശങ്ങള്‍ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിട്ടുവീഴ്ച്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞത്. റഷ്യ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടതായാണ് വിവരം.

അംഗീകരിച്ചില്ലെങ്കില്‍ യുക്രൈന് സര്‍വനാശമുണ്ടാകുമെന്ന് പുടിന്‍ തന്നോട് പറഞ്ഞതായും ട്രംപ് സെലന്‍സ്‌കിയോട് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപ് സെലന്‍സ്‌കിയോട് ഇക്കാര്യം പറഞ്ഞത്. യുഎസില്‍ നിന്ന് ദീര്‍ഘദൂര മിസൈലുകള്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയുമായി എത്തിയ സെലന്‍സ്‌കി, മിസൈല്‍ കിട്ടിയില്ലെങ്കിലും കൂടിക്കാഴ്ച്ച നന്നായിരുന്നുവെന്നാണ് പ്രതികരിച്ചത്. യുക്രൈന് ടോമഹോക്ക് മിസൈലുകള്‍ നല്‍കുന്നത് യുദ്ധം വ്യാപിക്കാനിടയാക്കുമെന്ന് കൂടിക്കാഴ്ച്ചയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

'ഏറെ രക്തം ചിന്തിക്കഴിഞ്ഞു. അതിര്‍ത്തി രേഖകള്‍ യുദ്ധത്തിലൂടെയും പോരാട്ടവീര്യത്തിലൂടെയുമാണ് നിര്‍ണയിക്കപ്പെടുന്നത്. അവര്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നിര്‍ത്തണം. ഇരുപക്ഷവും വിജയം അവകാശപ്പെടട്ടെ. ചരിത്രം തീരുമാനിക്കട്ടെ' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

Content Highlights: Donald trump ask volodymyr zelensky to accept putin's deal or be destroyed

To advertise here,contact us