കാബൂൾ: ഖത്തറിന്റെ മധ്യസ്ഥതയിൽ പാകിസ്താൻ- അഫ്ഗാൻ സംഘർഷത്തിൽ വെടിനിർത്തലിന് ധാരണ. 48 ദിവസത്തെ വെടിനിർത്തൽ നിലനിൽക്കെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടർന്നിരുന്നു. ഇതിനിടെയാണ് ഖത്തർ ഇടപെട്ട് വീണ്ടും വെടിനിർത്തൽ ധാരണയിലെത്തിയത്.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും തുടരുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായ സമാധാനവും സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളുണ്ടാകുമെന്നും വരും ദിവസങ്ങളിൽ പാകിസ്താനും അഫ്ഗാനും ചർച്ചകൾ തുടരുമെന്നും ഖത്തർ വ്യക്തമാക്കി.
പാക് ആഭ്യന്തരമന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി ജനറൽ അസിം മാലിക്, താലിബാൻ പ്രതിരോധ മന്ത്രി മുല്ലാഹ് മുഹമ്മദ് യാക്കൂബ് എന്നിവരാണ് ചർച്ചയ്ക്കായി എത്തിയത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന് പിന്നാലെ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പാകിസ്താൻ ഇത് ലംഘിച്ചുവെന്നും ആക്രമണം നടത്തിയെന്നും അഫ്ഗാനിസ്ഥാൻ ആരോപിച്ചിരുന്നു.
ശനിയാഴ്ച അഫ്ഗാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. സൗഹൃദമത്സരം കളിച്ച് മടങ്ങിയ താരങ്ങൾ ഉർഗൂൻ ജില്ലയിൽ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണമുണ്ടായത്.
ആഴ്ചകളായി തുടർന്ന ആക്രമണത്തിൽ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ശാശ്വത സമാധാനത്തിനായി ഇരു രാജ്യങ്ങളിലും വെടിനിർത്തലിൽ എത്തിയത്.
താലിബാൻ വിദേശകാര്യമന്ത്രി അമീർ മുത്തഖി ഇന്ത്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കാബൂളിലുണ്ടായ സ്ഫോടനങ്ങളാണ് ഇരുരാജ്യങ്ങളെയും സംഘർഷത്തിലേക്ക് എത്തിച്ചത്. തിരിച്ചടിച്ച അഫ്ഗാനിസ്ഥാൻ പാക് അതിർത്തിയിലെ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ അഫ്ഗാൻ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം പാകിസ്താൻ ഉന്നയിച്ചിരുന്നു.
Content Highlight : Pakistan and Afghanistan agree to immediate ceasefire after border clashes