അന്റനാനാരിവോ: ജെൻ സി പ്രക്ഷോഭത്തിൽ പ്രസിഡന്റ് രാജ്യം വിട്ടതോടെ മഡഗാസ്കറിൽ ഭരണം പിടിച്ചെടുത്ത് സൈന്യം. വൻ പ്രതിഷേധത്തെ തുടർന്ന് പ്രസിഡന്റ് അൻഡ്രി രാജോലിന രാജ്യം വിട്ടിരുന്നു. സൈന്യം പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നതോടെയാണ് പ്രസിഡന്റ് നാട് വിട്ടത്. വൈദ്യുതി ഇല്ല, കുടിവെള്ളമില്ല, ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിക്കുന്നില്ല, ഉയർന്ന ജീവിതച്ചെലവ്, സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പൊതു ഫണ്ട് ദുരുപയോഗം ചെയ്യുന്നു, അഴിമതി നടത്തുന്നു എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധക്കാർ പ്രസിഡന്റിനെതിരെ തെരുവിലിറങ്ങിയത്.
തങ്ങൾ അധികാരം പിടിച്ചെടുത്തിരിക്കുന്നുവെന്ന് കേണൽ മിഷേൽ റാൻഡ്രിയാനിരിന ദേശീയ റേഡിയോയിലൂടെ പ്രസ്താവിച്ചു. ആൻഡ്രി രാജോലിനയെ ഇംപീച്ച് ചെയ്യുകയും ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങളെത്തുടർന്ന് അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാക്കുകയും ചെയ്തതിനെത്തുടർന്ന് അധികാരം ഏറ്റെടുത്തുവെന്നായിരുന്നു സൈന്യത്തിന്റെ പ്രഖ്യാപനം. നാഷണൽ അസംബ്ലി ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും പിരിച്ചുവിട്ടു. തെരുവുകളിൽനിന്നും ഉയർന്ന മാറ്റത്തിനായുള്ള പ്രതിഷേധമാണിത്. അതിനാൽ തന്നെ ഈ ജെൻ സീ പ്രതിഷേധക്കാരുടെ ആവശ്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും റാൻഡ്രിയാനിരിന വ്യക്തമാക്കി.
സൈന്യത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി താൽക്കാലികമായി രാജ്യം ഭരിക്കുമെന്നും ശേഷം തെരഞ്ഞെടുപ്പിലൂടെ വരുന്ന സർക്കാർ സംവിധാനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ- നിയമസംവിധാനങ്ങളായ സെനറ്റ്, കോടതി, ഇലക്ടറൽ കമ്മിഷൻ, ഹൈക്കോടതി ജസ്റ്റിസ്, മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഉന്നത കൗൺസിൽ, നിയമങ്ങൾ എല്ലാം തന്നെ സസ്പെൻഡ് ചെയ്തതായി സൈനിക നേതാക്കൾ അറിയിച്ചു.
ലോകത്തിലെ നാലാമത്തെ വലിയ ദ്വീപായ മഡഗാസ്കറിൽ മൂന്ന് കോടിയോളം ജനസംഖ്യയുണ്ടെങ്കിലും ഇതിൽ നാലിൽ മൂന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 2009ൽ സൈന്യത്തിന്റെ പിന്തുണയോടെ പ്രസിഡന്റായിരുന്ന മാർക് രവലോമനാനയെ അട്ടിമറിച്ചാണ് അൻഡ്രി രാജോലിന അധികാരത്തിലെത്തിയത്. മഡഗാസ്കറിന്റെ തലസ്ഥാനമായ അന്റാനനാരിവോയുടെ മേയറായിരിക്കെ സർക്കാരിനെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷം 2009-ൽ ആണ് ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. പിന്നീട്, 2018-ൽ, അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് 2023-ൽ പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചപ്പോൾ വീണ്ടും ആ സ്ഥാനത്തെത്തുകയായിരുന്നു.
1960ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം നിരവധി നേതാക്കളെ പ്രക്ഷോഭങ്ങളുടെ ഫലമായി രാജ്യത്തു നിന്ന് പുറത്താക്കിയ ചരിത്രം ഈ രാജ്യത്തിനുണ്ട്. അഴിമതി, പൊതുഫണ്ടിന്റെ ദുരുപയോഗം, സ്വജനപക്ഷപാതം, അടിസ്ഥാന സേവനങ്ങളും വിദ്യാഭ്യാസവും ലഭ്യമാകുന്നതിലെ പരാജയങ്ങൾ, ഊർജ്ജസ്വലമായ ജനാധിപത്യം എന്നിവ വർഷങ്ങൾ ആയി ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ആണ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ധാരണയിലെത്തിയ ശേഷമാണ് പ്രസിഡൻറ് ആഡ്രി രജോലിന രാജ്യം വിട്ടത്. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ 22 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
Content Highlights: Madagascar Military takes over government After president impeached