ട്രംപ് ഇസ്രയേലില്‍; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു

ബന്ദികളുടെ കുടുംബങ്ങളെ ട്രംപ് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലില്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഹെര്‍സോഗും വിമാനത്താവളത്തില്‍ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകന്‍ ജരേദ് കുഷ്‌നര്‍, പശ്ചിമേഷ്യയുടെ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്.

ട്രംപ് ഇസ്രയേല്‍ അസംബ്ലിയില്‍ പങ്കെടുക്കും. ബന്ദികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷം വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും. അതേസമയം ബന്ദി മോചനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിട്ടയച്ച ഏഴ് ഇസ്രയേല്‍ ബന്ദികള്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിയതായി ഐഡിഎഫ് പറഞ്ഞു.

ഇവരെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടര്‍ന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. മതന്‍ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ ഗലി, സിവ് ബെര്‍മന്‍, എലോണ്‍ ഒഹെല്‍, എയ്തന്‍ മൊര്‍, ഗയ് ഗില്‍ബോ ദലാല്‍, ഒംറി മിരന്‍ എന്നിവരെയാണ് ആദ്യ ഘട്ടമെന്ന നിലയില്‍ വിട്ടയച്ചത്. രണ്ടാം ഘട്ട ബന്ദികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് റെഡ് ക്രോസെന്നും ഐഡിഎഫ് പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 250 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ഉടന്‍ വിട്ടയക്കും.Content Highlights: Donald Trump arrives Israel Benjamin Netanyahu welcomes

To advertise here,contact us