തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസത്തെ നാലാമത്തെ മസ്തിഷ്ക ജ്വര മരണമാണ് സ്ഥിരീകരിച്ചത്. നാല് ദിവസത്തിനിടെ തെക്കന് കേരളത്തില് റിപ്പോര്ട്ട് ചെയ്ത രണ്ടാമത്തെ മരണമാണിത്.
കൊല്ലം പട്ടാഴി മരുതമണ്ഭാഗം സ്വദേശിനിയായ 48കാരിയാണ് രണ്ട് ദിവസം മുമ്പ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയായിരുന്നു യുവതിയുടെ മരണം. അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ പ്രതിരോധ നടപടികള് ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവര്ത്തിക്കുന്നത്. എന്നാല് മലിനജലത്തില് നിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണര്വെള്ളത്തില് വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതല് ആശങ്കയാണുണ്ടാക്കുന്നത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്മമീബ എന്നീ അമീബ വിഭാഗത്തില്പ്പെട്ട രോഗാണുക്കള് തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തില് നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില് മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയില് വെള്ളം കുടിച്ചാല് രോഗാണുക്കള് ശരീരത്തില് പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില് കടന്നാല് അമീബ മൂക്കിലെ അസ്ഥികള്ക്കിടയിലുളള വിടവിലൂടെ തലച്ചോറില് എത്തുകയും രോഗമുണ്ടാവുകയും ചെയ്യും.
രോഗം മനുഷ്യനില് നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗബാധ ഉണ്ടായാല് ഒന്ന് മുതല് ഒന്പത് ദിവസത്തിനുള്ളില് ലക്ഷണങ്ങള് പ്രകടമാകാന് തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛര്ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്. രോഗം മൂര്ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്ത്തനങ്ങള് നിലനിര്ത്തുകയാണ് ചെയ്യുന്നത്.
Content Highlights: Another death from amoebic encephalitis in the state